ന്യൂഡൽഹി: തലയറുത്ത് മാറ്റിയ നിലയിലുള്ള യുവതിയുടെ നഗ്ന ഉടൽ ദേശീയ പാതയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ കാൺപൂരിലെ ഗുജൈനിയിൽ ദേശീയ പാതയിലാണ് മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഹൈവേയിൽ വലിച്ചെറിഞ്ഞതായി സംശയം ഉയർന്നു. സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഹൈവേയുടെ മറുവശത്തുള്ള ഒരു ആശുപത്രിയിലെ സിസിടിവി കാമറകളിൽ മൃതദേഹം ഹൈവേയിൽ കാണുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഒരു സ്ത്രീ നടക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ചാരനിറത്തിലുള്ള ട്രൗസർ ധരിച്ചിരിക്കുന്ന സ്ത്രീയെ ദൃശ്യങ്ങളിൽ കാണാം. ചാരനിറത്തിലുള്ള വസ്ത്രത്തിന്റെ കഷണങ്ങൾ മൃതദേഹത്തിന് സമീപം കണ്ടെത്തിയതും സംശയം ഇരട്ടിയാക്കി.
ഇന്നലെ രാവിലെ 6.15നാണ് മൃതദേഹം ആദ്യം കണ്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സിസിടിവി കാമറകളൊന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ മൂന്ന് കിലോമീറ്റർ അകലെയുള്ള ഒരു സിസിടിവി കാമറയിൽ ഒരു സ്ത്രീ തനിച്ച് നടക്കുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
യുവതി ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ദേശീയപാതയിൽ കണ്ടെത്തിയ തുണിക്കഷ്ണങ്ങളുമായും ചെരിപ്പുകളുമായും പൊരുത്തപ്പെടുന്നതായി പൊലീസ് പറഞ്ഞു. കൂടുതൽ സൂചനകൾ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.മൃതേദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. ഇതുവരെ യുവതിയെ കാണാതായെന്ന പരാതികളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പാെലീസ് പറഞ്ഞു. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു.















