വൈക്കം: വൈക്കത്ത് ഒരു കോടിയിലധികം രൂപയുടെ കണക്കില്ലാത്ത പണം പിടികൂടി എക്‌സൈസ് സംഘം. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൈക്കം തലയോലപ്പറമ്പിൽ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് അനധികൃത പണം കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്ന് കോട്ടയത്തേക്ക് വന്ന വോൾവോ ബസിലെ യാത്രക്കാരനിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഒരു കോടിക്ക് മുകളിൽ വരുന്ന തുകയ്‌ക്ക് ഇയാളുടെ കയ്യിൽ മതിയായ രേഖകൾ ഉണ്ടായിരുന്നില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എംഡിഎംഎ, കഞ്ചാവ്, മദ്യം ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനായി എക്‌സൈസ് നടത്തിയ ഓണം സ്‌പെഷ്യൽ പരിശോധനയ്‌ക്കിടെയായിരുന്നു സംഭവം. സെല്ലോ ടേപ്പ് കൊണ്ട് പൊതിഞ്ഞ നിലയിലാണ് പണം കണ്ടെത്തിയത്. വൈക്കം റേഞ്ച്, കടുത്തുരുത്തി റേഞ്ച്, എക്‌സൈസ് സർക്കിൾ എന്നിവരുൾപ്പെടുന്ന മൂന്ന് ടീമുകൾ ചേർന്നാണ് പരിശോധന നടത്തിയത്. വൈക്കം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സ്വരൂപ് ബി ആറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.