സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വിവാദമായതിന് പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. എ.ആർ.എം, കിഷ്കിണ്ഡാ കാണ്ഡം, കൊണ്ടൽ എന്നീ സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് തങ്ങളുടെ ചിത്രങ്ങൾ പ്രേക്ഷകർ തീയേറ്ററിലെത്തി കാണണമെന്ന് ടോവിനോ തോമസും ആസിഫ് അലിയും ആന്റണി പെപ്പയും ആവശ്യപ്പെട്ടതാണ് ഓണത്തിന് റിലീസ് ചെയ്യുന്ന മറ്റു ചിത്രങ്ങളുടെ നിർമ്മാതാക്കളെ ചൊടിപ്പിച്ചത്.
ഒമർ ലുലു സംവിധാനം ചെയ്ത ‘ബാഡ് ബോയ്സ്’ എന്ന സിനിമയുടെ നിർമ്മാതാവും നടിയുമായ ഷീലു എബ്രഹാമാണ് താരങ്ങൾക്കെതിരെ ആദ്യം പ്രതികരിച്ചത്. പവർ ഗ്രൂപ്പ് എന്താണെന്ന് ടോവിനോയും ആസിഫും പെപ്പെയും കാണിച്ചു തന്നുവെന്നും ഓണത്തിനിറങ്ങുന്ന മറ്റു സിനിമകളെപ്പറ്റി പറയാതിരുന്നത് ശരിയായില്ല എന്നുമാണ് ഷീലു എബ്രഹാം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ഈ വിവാദത്തിലാണ് ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
“ഞങ്ങൾ മൂന്നുപേരും വാട്സ്ആപ്പ് ചാറ്റ് ചെയ്ത് പെട്ടെന്ന് ഇട്ട ഒരു വീഡിയോയാണ് അത്. വേറെ ഒന്നും അതിൽ ഉദ്ദേശിച്ചിട്ടില്ല. തിയേറ്ററിലേക്ക് ആളുകൾ വരിക എന്നത് എല്ലാവർക്കും ആവശ്യമുള്ള കാര്യമാണ്. ആവശ്യമില്ലാതെ കാര്യങ്ങൾ വളച്ചൊടിക്കരുത്. ഈ മൂന്ന് പടം മാത്രം കണ്ടാൽ മതിയെന്ന് ഞാൻ മനപ്പൂർവ്വം പറഞ്ഞതായിട്ട് തോന്നുന്നുണ്ടോ”-ആസിഫ് അലി പ്രതികരിച്ചു.