കണ്ണൂർ: ബന്ധുവിന്റെ വിവാഹത്തിനായി ഗൾഫിൽ നിന്നും കൊടുത്തയച്ച സ്വർണവുമായി കടന്ന് സുഹൃത്തുക്കൾ. 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് സുഹൃത്തുക്കൾ തട്ടിയെടുത്തത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ റഷീദിനെയാണ് സുഹൃത്തുക്കൾ കബളിപ്പിച്ചത്. ഇയാളുടെ പരാതിയിൽ പരശൂർ സ്വദേശികളായ സുബീഷ്, അമൽരാജ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ഗൾഫിൽ നിന്നും മടങ്ങിയ സുബീഷിന്റെ കൈയ്യിലാണ് അബ്ദുൽ റഷീദ് സ്വർണം കൊടുത്തയച്ചത്. കൊച്ചി വിമാനത്താവളത്തിൽ എത്തിയാൽ ബന്ധുവിന് സ്വർണം കൈമാറണമെന്ന് അബ്ദുൽ റഷീദ് നിർദേശിച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിലെത്തിയ ബന്ധുവിന്റെ കൈയ്യിൽ സുബീഷ് സ്വർണം കൊടുത്തിരുന്നില്ല. പിന്നീട് അബ്ദുൽ റഷീദ് വിളിച്ചെങ്കിലും ഇയാൾ ഫോൺ എടുക്കാതായതോടെയാണ് സംശയം തോന്നിയത്.
ഒരു തവണ വിളിച്ചപ്പോൾ സ്വർണം അമൽരാജിന്റെ കൈയ്യിൽ ഏൽപ്പിച്ചതായും അയാളെ വിളിക്കാനും സുബീഷ് അബ്ദുൽ റഷീദിനോട് പറഞ്ഞു. തുടർന്ന് അമൽരാജിനെ വിളിച്ചു. എന്നാൽ സ്വർണം തരാനാകില്ലെന്നാണ് അയാൾ പറഞ്ഞത്. തുടർന്ന് അബ്ദുൽ റഷീദ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സുബീഷും അമൽരാജും സ്വർണം മറിച്ചുവിറ്റതാകാമെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്.