അനന്ദാപൂർ (ആന്ധ്രാപ്രദേശ്): ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷന്റെ വെടിക്കെട്ട് തിരിച്ചുവരവ്. ഇന്ത്യ സി ടീമിന് വേണ്ടി കളിച്ച താരം 126 പന്തിൽ നിന്ന് 111 റൺസ് അടിച്ചെടുത്തു. 14 ഫോറുകളും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇഷാന്റെയും 136 പന്തിൽ നിന്ന് 78 റൺസെടുത്ത ബാബ ഇന്ദ്രജിത്തിന്റെയും പ്രകടനമികവിൽ ഇന്ത്യ സി ടീം ഒന്നാമിന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തു.
ഇന്ത്യ ബി ടീമിനെതിരെയുളള രണ്ടാം റൗണ്ട് മത്സരത്തിനാണ് ഇന്ത്യ സി ടീം ഇറങ്ങിയത്. ഇന്ത്യ ഡി ടീമിൽ ഇടംലഭിച്ചെങ്കിലും പരിക്ക് മൂലം കഴിഞ്ഞ ആഴ്ച നടന്ന ആദ്യ റൗണ്ട് മത്സരം ഇഷാന് നഷ്ടമായി. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി സി ടീമിൽ ഇടം ലഭിച്ചത്. ബിസിസിഐ പ്രഖ്യാപിച്ച സ്‌ക്വാഡിൽ ഇഷാൻ കിഷൻ ഇടംനേടിയിരുന്നില്ല. എന്നാൽ അവസാന നിമിഷം ഉൾപ്പെടുത്തുകയായിരുന്നു.
121 പന്തിൽ നിന്നാണ് 14 ഫോറുകളും 2 സിക്‌സറുകളുമടക്കം ഇഷാൻ കിഷൻ സെഞ്ചുറി തികച്ചത്. ബാബ ഇന്ദ്രജിത്തും ഇഷാനും ചേർന്ന് 150 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മൂന്ന് ഇന്നിംഗ്‌സുകളിലായി ബാബ ഇന്ദ്രജിത്തിന്റെ രണ്ടാം അർദ്ധ സെഞ്ചുറിയാണിത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്ക്വാദ് 50 പന്തിൽ 46 റൺസും സായ് സുദർശൻ 75 പന്തിൽ 43 റൺസും നേടി. പിന്നാലെയെത്തിയ രജത് പട്ടീദാറും 67 പന്തിൽ നിന്ന് 40 റൺസ് നേടി. ഇവരുടെ മികച്ച തുടക്കമാണ് ഇന്ത്യ സി ടീമിനെ മികച്ച സ്‌കോറിംഗിലേക്ക് നയിച്ചത്.
ഇന്ത്യ ബി ടീമിന് വേണ്ടി മുകേഷ് കുമാർ മൂന്ന് വിക്കറ്റുകളും നവ്ദീപ് സെയ്‌നിയും രാഹുൽ ചഹാറും ഓരോ വിക്കറ്റുകളും വീഴ്‌ത്തി.















