ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയറൻസിന് ഐ ഡിക്ലയർ സംവിധാനം ഏർപ്പെടുത്തി. ഇതോടെ യാത്രക്കാർക്കായി സ്മാർട്ട് മൊബൈൽ ഡിക്ലറേഷൻ നടപ്പിലാക്കുന്ന മേഖലയിലെ ആദ്യത്തെ കസ്റ്റംസ് ആയി ദുബായ് കസ്റ്റംസ് മാറി. വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള നടപടിക്രമങ്ങൾ കുറയ്‌ക്കാനും സമയം ലാഭിക്കാനും ഇതുമൂലം സാധിക്കും.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയറൻസിന് ഐ ഡിക്ലയർ സംവിധാനം ഏർപ്പെടുത്തിയതോടെ നടപടിക്രമങ്ങൾ 4 മിനിറ്റിനകം പൂർത്തിയാക്കാം. നേരത്തെയിതിന് 45 മിനിറ്റോളം എടുത്തിരുന്നു. വിമാനം ഇറങ്ങുന്നതിനു മുൻപുതന്നെ നിയമവിധേയമായി കൊണ്ടുവരുന്ന വസ്തുക്കൾ, പണം എന്നിവയെക്കുറിച്ച് ഓൺലൈനിലൂടെ വിവരം നൽകാവുന്ന സംവിധാനമാണ് ഐ ഡിക്ലയർ. വർഷത്തിൽ റെക്കോർഡ് യാത്രക്കാരെത്തുന്ന ദുബായ് വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ എളുപ്പമാക്കാനും ഇതിലൂടെ കഴിയും. കസ്റ്റംസ് ഇൻസ്പെക്ടർമാർ ഇനി യാത്രക്കാർക്കു വേണ്ടി ഡിക്ലറേഷൻ പൂരിപ്പിക്കേണ്ടതില്ല.
സ്മാർട്ട് ഫോണിലൂടെ ഐ ഡിക്ലയർ ചെയ്യുന്ന യാത്രക്കാർക്ക് ലഭിക്കുന്ന ബാർ കോഡ് സ്കാൻ ചെയ്താൽ വിവരങ്ങൾ ലഭിക്കും. ഇതോടെ തടസ്സമില്ലാതെ നടപടികൾ വേഗം പൂർത്തിയാക്കി പുറത്തിറങ്ങാം. വ്യാപാരത്തിന്റെയും ടൂറിസത്തിന്റെയും ആഗോള കേന്ദ്രമാക്കി ദുബായിയെ മാറ്റുന്നതിന്റെ ഭാഗമായാണ് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.