ധാക്ക: പാകിസ്താനിൽ നേടിയ ചരിത്ര വിജയം ഇന്ത്യയുമായുളള മത്സരത്തിന് തയ്യാറെടുക്കുന്ന ബംഗ്ലാദേശ് ടീമിന് ആത്മവിശ്വാസമാകുമെന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് ലോകം. എന്നാൽ പാകിസ്താനിലെ വിജയം മറന്നേക്കൂ, ഇന്ത്യയുമായുളള മത്സരം കൂടുതൽ വെല്ലുവിളി നിറഞ്ഞതാണെന്ന വിലയിരുത്തലിലാണ് വിജയശിൽപികളിൽ ഒരാളായ ലിറ്റൺ ദാസ്.
പാകിസ്താനിൽ ആദ്യമായി രണ്ട് ടെസ്റ്റ് മത്സരങ്ങളിലും വിജയിച്ച് പരമ്പര നേടിയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് എത്തുന്നത്. ഒരു കളിക്കാരൻ എന്ന നിലയിൽ പാകിസ്താനുമായുളള മത്സരം തനിക്ക് കഴിഞ്ഞ കാര്യമാണെന്ന് ലിറ്റൺ ദാസ് പറഞ്ഞു. പാകിസ്താനുമായുളള മത്സരത്തെക്കുറിച്ച് കൂടുതൽ ചോദിക്കാതിരുന്നാൽ എനിക്ക് കൂടുതൽ സന്തോഷമാകുമെന്ന് പറഞ്ഞാണ് വിക്കറ്റ് കീപ്പർ ബാറ്ററായ ലിറ്റൺ വാർത്താസമ്മേളനം തുടങ്ങുന്നത്.
പാകിസ്താനെതിരെ ഞങ്ങൾ നന്നായി കളിച്ചു. പക്ഷെ അത് കഴിഞ്ഞ കാര്യമാണ്. ഇന്ത്യയുമായുളള മത്സരമാണ് കൂടുതൽ വെല്ലുവിളിയാകുക. കാരണം അവർ അവരുടെ ഹോം ഗ്രൗണ്ടിലാണ്. അവരുടെ അന്തരീക്ഷത്തിൽ അവർക്ക് നന്നായി കളിക്കാനാകും. റാങ്കിംഗിലും ഇന്ത്യ വളരെ മുന്നിലാണ്. മാത്രമല്ല എസ്ജി ബോളിൽ കളിച്ച് ശീലമില്ലാത്തതും ബംഗ്ലാദേശ് ടീമിന് വെല്ലുവിളിയാകുമെന്ന് താരം പറഞ്ഞു. അത് മറികടക്കാൻ വേണ്ടി ടീമംഗങ്ങൾ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ലിറ്റൺ ദാസ് കൂട്ടിച്ചേർത്തു.
പാകിസ്താനെതിരായ മത്സരത്തിൽ കുക്കാബുറ ബോൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതാണ് ബംഗ്ലാദേശും ഉപയോഗിക്കുന്നത്. ശ്രീലങ്കയും ന്യൂസിലൻഡും സൗത്ത് ആഫ്രിക്കയും ഉൾപ്പെടെ ഉപയോഗിക്കുന്നതും അതാണ്. സെപ്തംബർ 19 മുതലാണ് ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളുളള പരമ്പര ആരംഭിക്കുന്നത്. ചെപ്പോക്കിലാണ് മത്സരം.