ന്യൂഡൽഹി: പാരീസിൽ നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ജാവ്‌ലിൻ താരം നവ്ദീപ് സിംഗ്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന കൂടിക്കാഴ്ചയ്‌ക്കിടെ നവ്ദീപിന്റെ ഒരു ആഗ്രഹത്തോട് പ്രധാനമന്ത്രി നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
ജാവ്‌ലിൻ എഫ് 41 വിഭാഗത്തിൽ പാരാലിമ്പിക്‌സിൽ രാജ്യത്തിന് ആദ്യ സ്വർണമെഡൽ നേടിത്തന്ന താരമാണ് നവ്ദീപ്. നാലടി നാലിഞ്ച് ഉയരം. പ്രധാനമന്ത്രിയുമായി സംവദിക്കുന്നതിനിടയിലാണ് കൈയ്യിൽ അദ്ദേഹത്തിന് നൽകാൻ കൊണ്ടുവന്ന തൊപ്പി (ക്യാപ്പ്) അണിയിക്കണമെന്ന ആഗ്രഹം നവ്ദീപ് സിംഗ് വെളിപ്പെടുത്തിയത്. ആഗ്രഹം കേട്ടതോടെ നിന്ന് സംസാരിക്കുകയായിരുന്ന മോദി തറയിൽ ഇരുന്നു. സന്തോഷത്തോടെ നവ്ദീപ് സിംഗ് തൊപ്പി പ്രധാനമന്ത്രിയുടെ തലയിൽ അണിയിക്കുകയും ചെയ്തു.
കൈയ്യടിയോടെയാണ് സഹതാരങ്ങൾ ഈ സന്ദർഭത്തെ സ്വീകരിച്ചത്. ഷർട്ടിന്റെ കൈയ്യിൽ കൈയ്യൊപ്പിട്ടു നൽകണമെന്ന നവ്ദീപ് സിംഗിന്റെ ആഗ്രഹവും മോദി നിർവ്വഹിച്ചു നൽകി.
കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാനും അവരുടെ നേട്ടങ്ങളെ വിലമതിക്കാനും പ്രധാനമന്ത്രി കാണിക്കുന്ന മനസിനെ പലരും പുകഴ്‌ത്തി. ആരാണ് ബ്രാൻഡ് അംബാസഡർ എന്ന് ചോദിച്ചാൽ മോദിജിയാണ് ഞങ്ങളുടെ ബ്രാൻഡ് അംബാസഡർ എന്നാണ് മറുപടിയെന്ന് ആയിരുന്നു ഒരു താരത്തിന്റെ വാക്കുകൾ.
പാരീസ് പാരാലിമ്പിക്‌സ് വേദിയിൽ ഫൈനലിൽ 47.32 മീറ്ററായിരുന്നു നവ്ദീപിന്റെ ദൂരം. ഒന്നാമത് എറിഞ്ഞ ഇറാൻ താരത്തിന്റെ ദൂരത്തിൽ നിന്ന് (47.64) നേരിയ വ്യത്യാസം മാത്രം. ആക്ഷേപകരമായ പതാക പ്രദർശിപ്പിച്ചതോടെ ഒന്നാമത് ആയിരുന്ന ഇറാൻ താരത്തെ അയോഗ്യനാക്കിയിരുന്നു. തുടർന്നാണ് ആ നേട്ടത്തിന് നവ്ദീപ് സിംഗ് അർഹനായത്.
29 മെഡലുകളാണ് ഇന്ത്യ ഇക്കുറി പാരാലിമ്പിക്‌സിൽ സ്വന്തമാക്കിയത്. 2021 ലെ ടോക്കിയോ ഒളിമ്പിക്‌സിൽ നേടിയ 19 മെഡലുകളെന്ന നേട്ടമാണ് താരങ്ങൾ പഴങ്കഥയാക്കിയത്. ഏഴ് സ്വർണവും ഒൻപത് വെളളിയും 13 വെങ്കല മെഡലുകളുമാണ് ഇന്ത്യൻ ടീം നേടിയത്.