കൊൽക്കത്ത: സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പൂർണമായി പരാജയപ്പെട്ടുവെന്ന് ഗവർണർ സി വി ആനന്ദ ബോസ്. ആർ ജി കാർ ആശുപത്രിയിലെ ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിന് ശേഷം ബംഗാളിലെ തെരുവോരങ്ങളിൽ പോലും അക്രമങ്ങൾ നടക്കുകയാണെന്നും ഗവർണർ പറഞ്ഞു. ഗവർണറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
“ബംഗാൾ ജനതയുടെയും കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന്റെയും വികാരങ്ങൾ മനസിലാക്കുന്നതിലും സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിലും മമത ബാനർജിയുടെ സർക്കാർ പരാജയപ്പെട്ടു. മുഖ്യമന്ത്രിയെ സാമൂഹികമായി ബഹിഷ്കരിക്കാൻ ഞാൻ തീരുമാനിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയുമായി ഒരു പൊതുവേദി പങ്കിടുകയോ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുകയോ ചെയ്യില്ല”.
“കുറ്റകൃത്യങ്ങൾ കണ്ടെത്തി ശിക്ഷ നടപ്പിലാക്കേണ്ട ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പോലും ക്രിമിനൽ സ്വഭാവമുള്ള ഗുരുതരമായ ആരോപണങ്ങളും ഉയരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുകൊണ്ടിരിക്കുകയാണ്. ക്രമസമാധാന നില നിയന്ത്രിക്കുന്നതിൽ ആരോഗ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിയായ മമത പരാജയപ്പെട്ടു. ആരോഗ്യ മേഖലയെ സംരക്ഷിക്കാൻ പോലും മുഖ്യമന്ത്രിയ്ക്ക് സാധിച്ചില്ല. സംസ്ഥാനത്തുടനീളം, തെരുവുകളിലും ആശുപത്രികളിലും നഗരങ്ങളിലും അക്രമം നടന്നുകൊണ്ടിരിക്കുന്നു”.
കേസിലെ തെളിവുകൾ നശിപ്പിക്കുന്നതിന് പൊലീസ് കമ്മീഷണർ കൂട്ടിനിന്നു. തെളിവ് നശിപ്പിച്ചതിന് ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. സംസ്ഥാനത്തെ ആളുകളുടെ അവസ്ഥ ഓർത്ത് തനിക്ക് ആശങ്കയുണ്ടെന്നും സി വി ആനന്ദ ബോസ് പറഞ്ഞു.