ന്യൂഡൽഹി : ഗണപതി വിഗ്രഹ നിമജ്ജന ചടങ്ങുകൾക്കിടെ ഓരോ ധോൾ-താഷ-സാൻജ് ട്രൂപ്പിലെയും അംഗങ്ങളുടെ എണ്ണം 30 പേരായി പരിമിതപ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മഹാരാഷ്‌ട്ര സർക്കാർ, പൂനെ ജില്ലാ അധികൃതർ, മഹാരാഷ്‌ട്ര മലിനീകരണ നിയന്ത്രണ ബോർഡ് (എംപിസിബി) എന്നിവർക്ക് നോട്ടീസ് അയച്ചത്.
“അവർ ഗണപതി വിഗ്രഹ നിമജ്ജന ചടങ്ങുകൾക്കിടെ ധോൾ-താഷ ചെയ്യട്ടെ, അതാണ് പൂനെയുടെ ഹൃദയം,” എന്നാണ് സുപ്രീം കോടതിയുടെ പ്രസ്താവന . പൂനെയിലെ ഗണേശോത്സവത്തിൽ ധോൾ താഷയ്‌ക്ക് വളരെ ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ടെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അമിത് പൈ പറഞ്ഞു.
ഗണേശ ചതുർത്ഥി ആഘോഷവേളയിൽ ശബ്ദമലിനീകരണം പരിമിതപ്പെടുത്തുന്നതിനുള്ള എൻജിടിയുടെ മറ്റ് നിർദേശങ്ങളിൽ അപ്പീലുകാർക്ക് അതൃപ്തിയില്ലെന്നും എന്നാൽ ധോൽ-താഷ നടത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനോട് മാത്രമാണ് എതിർപ്പെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഗണേശ പന്തലുകൾക്ക് ചുറ്റുമുള്ള ശബ്ദവും പൂനെയിലെ നിമജ്ജന ഘോഷയാത്രകളും തത്സമയം നിരീക്ഷിക്കാനും , നിയമം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി എടുക്കാനുമായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്