ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയിൽ നടന്ന ഗണപതി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതിന്റെ പേരിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ അനാവശ്യ വിവാദത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് ബിജെപി. 2009ൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് അന്നത്തെ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നുകാണിക്കുന്ന ചിത്രവും കുറിപ്പും ബിജെപി നേതാവ് ഷെഹ്‌സാദ് പൂനെവാലയും പങ്കുവച്ചിട്ടുണ്ട്. മൻമോഹൻ സിംഗ് നടത്തിയ ഇഫ്താർ പാർട്ടിയിൽ ചീഫ് ജസ്റ്റിസ് പങ്കെടുത്തപ്പോൾ ജുഡീഷ്യറി സുരക്ഷിതം. നിലവിലെ ചീഫ് ജസ്റ്റിസിനൊപ്പം ഗണേശ പൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തപ്പോൾ, ജൂഡീഷ്യറി അപകടത്തിൽ’ എന്നാണ് അദ്ദേഹം ചിത്രങ്ങളോടൊപ്പം കോൺഗ്രസിനെ പരിഹസിച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസിന്റെ വസതിയിൽ നടന്ന പൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. കോൺഗ്രസ് എല്ലായ്‌പ്പോഴും ഇരട്ടത്താപ്പ് പുറത്തെടുക്കുന്ന പാർട്ടിയാണെന്നും, സ്വന്തം കാര്യം വരുമ്പോൾ അതൊന്നും അവരെ ബാധിക്കാറില്ലെന്നും ബിജെപി എംപി സംബിത് പത്ര വിമർശിച്ചു.
” പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തുന്നത് നിങ്ങൾക്ക് പ്രശ്‌നമാണ്. പക്ഷേ നിങ്ങളുടെ നേതാവ് അമേരിക്കയിൽ വച്ച് ഒരു ദേശവിരുദ്ധനെ കാണുകയാണെങ്കിൽ അത് പ്രശ്‌നമില്ല. ഗണപതി പൂജയിൽ പങ്കെടുത്തതാണ് അവരുടെ ഇപ്പോഴത്തെ പ്രശ്‌നം. അവരുടെ കാലത്ത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുകയും ചീഫ് ജസ്റ്റിസിനെ ക്ഷണിക്കുകയും ചെയ്തു. ഇഫ്താർ പോലെ തന്നെ ഒരു ആഘോഷമാണ് ഇതും. പിന്നെ എന്തിനാണ് ഈ വിവാദം ഉണ്ടാക്കുന്നതെന്നും” സംബിത് പത്ര ചോദിച്ചു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തി. ” ഇഫ്താറിൽ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഒരുമിച്ച് പങ്കെടുക്കുമ്പോൾ അവർക്ക് ചിലർക്ക് വളരെ നല്ലതാണെന്നാണ് അഭിപ്രായം. അതേ ആളുകൾ തന്നെയാണ് ഗണപതി പൂജയിൽ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഒരുമിച്ച് പങ്കെടുക്കുന്നതിനെ വിമർശിക്കുന്നത്. അപ്പോൾ ആദ്യം പറഞ്ഞ നിലപാടിനെ അവർ വളച്ചൊടിക്കുകയാണെന്നും” ഭൂപേന്ദ്ര യാദവ് വിമർശിച്ചു.















