ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സിബിഐയുടെ അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ടും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെജ്‌രിവാൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയുടെ വാദം സെപ്തംബർ 5ന് പൂർത്തിയായിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങൾ പാലിച്ചു കൊണ്ടാണെന്ന് ബെഞ്ച് വിലയിരുത്തി.
മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞ മാർച്ചിലാണ് കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയവേ, ജൂൺ 26 ന് സിബിഐയും അറസ്റ്റ് ചെയ്തു. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ജയിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചില്ല. സിബിഐ രജിസ്റ്റർ ചെയ്ത കേസിലും ജാമ്യം അനുവദിച്ചതോടെയാണ് കേജ്‌രിവാളിന്റെ ജയിൽ മോചനത്തിന് വഴി തെളിഞ്ഞത്.
അഴിമതിയുടെ സൂത്രധാരൻ കെജ്‌രിവാളാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഡൽഹി സർക്കാർ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപന സ്വകാര്യമേഖലയ്‌ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണ് കെജ്‌രിവാൾ നടപ്പാക്കിയത്. ഇതോടെ ‘ഒന്നെടുത്താൽ ഒന്നു സൗജന്യം’ ഉൾപ്പെടെയുള്ള ഓഫറുകളുമായി മദ്യവിൽപന മത്സരാധിഷ്ഠിതമായി . വ്യവസ്ഥകൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിനു മുൻപു കമ്പനികൾക്കു കൈമാറിയത് ടെൻഡർ നേടാൻ സഹായകരമായി. കമ്പനികൾക്ക് ലൈസൻസ് ഫീസിൽ 144.36 കോടി രൂപ ഇളവു നൽകിയതിലൂടെ സർക്കാരിനു സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ആരോപണമുണ്ട്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു. 2022 ജൂലൈ 31നു മദ്യനയം പിൻവലിച്ചു.