പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേലെ മുള്ളി ഊരിൽ ശാന്തി – മരുതൻ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഇന്നലെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരിന്നു. ആരോഗ്യസ്ഥിതി മോശമായതോടെ വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരിന്നു.
കഴിഞ്ഞ എട്ട് വർഷത്തിനിടെ അട്ടപ്പാടിയിൽ വികസനപ്രവർത്തനങ്ങൾക്കും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുമായി 131 കോടി രൂപ ചെവഴിച്ചുവെന്നാണ് കണക്കുകൾ. എന്നാൽ ഇക്കാലയളവിൽ 121 കുട്ടികളാണ് മരിച്ചത്. അട്ടപ്പാടിയിൽ ബഹുഭൂരിപക്ഷം സ്ത്രീകളും വിളർച്ച ബാധിച്ചവരാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇവർക്ക് പോഷകാഹാരങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് ഉയർന്നുവരുന്ന വിമർശനങ്ങൾ.















