2023, സെപ്റ്റംബർ.. ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത വിധമുള്ള പ്രകമ്പനമായിരുന്നു ഗവേഷകർ അന്ന് അടയാളപ്പെടുത്തിയത്. ലോകത്തെമ്പാടും ഇത് രേഖപ്പെടുത്തിയെന്നതാണ് അസാധാരണമായ മറ്റൊരു കാര്യം. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സീസ്മിക് ആക്ടിവിറ്റി (ഭൂചലനം, പ്രകമ്പനം) ആർട്ടിക് മുതൽ അന്റാർട്ടിക്ക വരെയുള്ള പ്രദേശങ്ങളിലുണ്ടായി. ലോകം മുഴുവൻ അനുഭവപ്പെട്ട ഈ ‘നിഗൂഡ സിഗ്നൽ’ സാധാരണ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളിൽ നിന്ന് ഏറെ വിഭിന്നമായിരുന്നു. വൈബ്രേഷന് സമാനമായുള്ള ‘ആ ചലനം’ രാവും പകലും ഒമ്പത് ദിവസത്തോളം തുടർന്നു.
ഇതെന്താണെന്ന് തിരിച്ചറിയാതെ ഗവേഷകർ ആശയക്കുഴപ്പത്തിലായി. ഈ നിഗൂഢ സിഗ്നലിനെ യുഎസ്ഒ വിഭാഗത്തിൽ അവർ ഉൾപ്പെടുത്തി. തിരിച്ചറിയാൻ സാധിക്കാത്ത ഭൂചലനങ്ങളെയും പ്രകമ്പനങ്ങളെയുമാണ് യുഎസ്ഒ (unidentified seismic object) എന്ന് വിളിക്കുന്നത്. ഗവേഷണങ്ങൾക്കൊടുവിൽ പ്രകമ്പനത്തിന്റെ സ്രോതസ്സ് ശാസ്ത്രജ്ഞർ കണ്ടെത്തി. ഗ്രീൻലാൻഡിലെ ഉൾപ്രദേശമായ ഡിക്സൺ ജോർഡ് (Dickson Fjord) എന്ന സ്ഥലത്ത് സംഭവിച്ച ഭീമൻ ഉരുൾപ്പൊട്ടലായിരുന്നു പ്രകമ്പനത്തിന്റെ തുടക്കം.
10,000 ഒളിമ്പിക് സ്വിമ്മിംഗ് പൂളുകൾ നിറയ്‌ക്കാൻ പാകത്തിലുള്ള കല്ലും ഐസും ആ പ്രദേശത്തേക്ക് കുത്തിയൊലിച്ച് വന്നിരുന്നു. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ ലണ്ടനിലെ ബിഗ് ബെൻ എന്ന സ്ഥലത്ത് 200 മീറ്റർ പൊക്കത്തിലുള്ള മെഗാ സുനാമി രണ്ടുപ്രാവശ്യം റിപ്പോർട്ട് ചെയ്തു. ആഗോളതാപനം കാരണം ഹിമാനി ഉരുകാൻ തുടങ്ങിയതാണ് ഡിക്സൺ ജോർഡിൽ വൻ ഉരുൾപൊട്ടലിലേക്ക് നയിച്ചതെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. കൂടാതെ ഉരുൾപൊട്ടലിന്റെ ഫലമായി ഡിക്സൺ ജോർഡിലെ തീരമേഖലയിൽ സ്റ്റാൻഡിംഗ് വേവ്സ് അഥവാ സീഷെകൾ രൂപപ്പെട്ടതാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ പ്രകമ്പനത്തിന് കാരണമായതെന്നും ഗവേഷകർ തിരിച്ചറിഞ്ഞു.
ആഗോളതാപനം വിവിധ പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ക്രയോസ്ഫിയർ, ഹൈഡ്രോസ്ഫിയർ, ലിതോസ്ഫിയർ എന്നിങ്ങനെ വിവിധ ഭൗമ മണ്ഡലങ്ങൾക്കിടയിൽ ആഘാതങ്ങളുണ്ടാകുന്നതിനും വെള്ളത്തിന്റെ പെട്ടെന്നുള്ള കുത്തൊഴുക്കിനും ആഗോളതാപനം ഇടയാക്കുമെന്ന് ജേർണൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ആഗോളതാപനം കാരണം വലിയ പ്രത്യാഘാതങ്ങളാണ് ഭൂമിയിലുണ്ടാകുന്നത്. ഭീമൻ ഹിമാനികൾ ഉരുകിയൊലിച്ച് കട്ടികുറഞ്ഞതായാണ് റിപ്പോർട്ട്. ഹിമാനികൾ അലിഞ്ഞ് ഒടുവിൽ തകർന്നുവീണാൽ ഭൂമിയിൽ പലയിടത്തും പ്രകമ്പനങ്ങളുണ്ടാകും. കാലാവസ്ഥാ വ്യതിയാനം അധികരിക്കുന്നത് ഭൂമിയിലെമ്പാടും പലവിധത്തിലുള്ള സീസ്മിക് വേവ്സ് ഉണ്ടാകുന്നതിനും കാരണമാകും. ആഗോളതാപനം രൂക്ഷമായാൽ ലോകത്ത് പ്രകൃതിദുരന്തങ്ങൾ വർദ്ധിക്കുമെന്നും അപ്രതീക്ഷിതമായ വിപത്തുകൾ റിപ്പോർട്ട് ചെയ്യുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.