ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ അൽ-ഖ്വയ്ദയെ നയിക്കുന്നത് ഹംസയാണെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‘ദി മിറർ’ ആണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്. സഹോദരൻ അബ്ദുള്ള ബിൻ ലാദനൊപ്പം ഹംസ ലാദൻ അഫ്ഗാനിൽ സുരക്ഷിതനായി ജീവിക്കുന്നുണ്ടെന്നും അൽ-ഖ്വയ്ദയെ രഹസ്യമായി നയിക്കുകയാണെന്നുമാണ് റിപ്പോർട്ട്. താലിബാൻ വിരുദ്ധ സൈനിക സഖ്യമായ നാഷണൽ മൊബലൈസേഷൻ ഫ്രണ്ട് ആണ് (NMF) ഹംസയുടെയും സഹായികളുടെയും നീക്കങ്ങളും ഓപ്പറേഷനുകളും കണ്ടെത്തിയത്.
450 സ്നൈപ്പർമാരുടെ സുരക്ഷാകവചത്തിൽ വടക്കൻ അഫ്ഗാനിസ്ഥാനിലാണ് ‘ഭീകരതയുടെ കിരീടാവകാശി’ ഒളിവുജീവിതം നയിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2021ൽ താലിബാൻ കാബൂൾ കീഴടക്കിയതിന് ശേഷം വിവിധ ഭീകരസംഘടനകൾക്കുള്ള പരിശീലനകളരിയായി അഫ്ഗാനിസ്ഥാൻ മാറിയെന്നാണ് NMF ചൂണ്ടിക്കാട്ടുന്നത്. പഞ്ച്ശീറിലെ ദാര അബ്ദുള്ള ഖേൽ ജില്ലയിലാണ് ഹംസയുടെ ഒളിത്താവളം. അറബ്, പാകിസ്താനി വംശജരായ 450 പേരാണ് ഹംസയ്‌ക്ക് സുരക്ഷയൊരുക്കുന്നത്. ഹംസയുടെ നേതൃത്വത്തിൽ പരിശീലനം തുടരുന്ന അൽ-ഖ്വയ്ദ ഭീകരർ പാശ്ചാത്യരാജ്യങ്ങളിൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്നാണ് റിപ്പോർട്ട്.
2019ൽ അമേരിക്കയുടെ വ്യോമാക്രമണത്തിൽ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. ഒസാമ ബിൻ ലാദന്റെ വധത്തിന് ശേഷം അൽ-ഖ്വയ്ദയുടെ നേതൃചുമതലയേറ്റെടുത്ത ഭീകരൻ അയ്മാൻ അൽ-സവാഹിരിയുമായി അടുത്ത ബന്ധമാണ് ഹംസ പുലർത്തിയിരുന്നത്. ഹംസ കൊല്ലപ്പെട്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്ന സമയത്ത് പ്രതികരിക്കാൻ പെന്റഗൺ തയ്യാറായിരുന്നില്ല.

അൽ-ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദനെ അമേരിക്കയുടെ സ്പെഷ്യൽ ഫോഴ്സ് പാകിസ്താനിലെ അബ്ബോട്ടാബാദിൽ വച്ച് 2011ലായിരുന്നു വധിച്ചത്. അമേരിക്കയിൽ 2001 സെപ്റ്റംബർ 11ന് നടന്ന ഭീകരാക്രമണത്തിന്റെ ആസൂത്രകനായിരുന്നു ലാദൻ. 3,000 പേരുടെ ജീവനെടുത്ത 9/11 ആക്രമണം ലോകത്ത് സംഭവിച്ച ഏറ്റവും നിഷ്ഠൂരമായ ഭീകരാക്രമണങ്ങളിലൊന്നായിരുന്നു.