ബോളിവുഡ് സീരിയൽ താരം ഹിന ഖാന്റെ വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വളരെ പെട്ടന്നാണ് ഇടംപിടിക്കാറുള്ളത്. തന്റെ ആരോഗ്യസ്ഥിതി ആരാധകരുമായും താരം നിരന്തരം പങ്കുവയ്‌ക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞയാഴ്ചയും ആരോഗ്യസ്ഥിതി മോശമാവുന്നതുമായി ബന്ധപ്പെട്ട വാർത്ത പങ്കുവച്ചിരുന്നു. സ്തനാർബുദത്തിന് പിന്നാലെ തനിക്ക് മ്യൂക്കോസിറ്റിസ് പിടിപെട്ടെന്ന താരത്തിന്റെ പോസ്റ്റ് വളരെ വേദനയോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയുമായാണ് ഹിന എത്തിയിരിക്കുന്നത്.
ശസ്ത്രക്രിയയ്‌ക്ക് വിധേയ ആയിയെന്നും മ്യൂക്കോസിറ്റിസ് കുറഞ്ഞുവരുന്നുണ്ടെന്നുമാണ് താരം പറയുന്നത്. ” ഇത് നിങ്ങൾ ഓരോരുത്തർക്കുമായാണ് ഞാൻ എഴുതുന്നത്. മ്യൂക്കോസിറ്റിസ് രോഗത്തിന് അൽപം കുറവുണ്ട്. ഞാൻ നിങ്ങളുടെ കമന്റുകളും മെസേജുകളും കണ്ടിരുന്നു. നിങ്ങളുടെ സ്‌നേഹം എന്നെ ഒരുപാട് സഹായിച്ചു. നിങ്ങളെയെല്ലാവരെയും ഞാനും സ്‌നേഹിക്കുന്നു.”- ഹിന കുറിച്ചു.
സ്തനാർബുദത്തിന്റെ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി എടുക്കുന്നതിന്റെ പാർശ്വഫലങ്ങളിലൊന്നാണ് മ്യൂക്കോസിറ്റിസ്. വായയിലും തൊണ്ടയിലും വീക്കവും വേദനയുമാണ് ഇതിന്റെ പ്രധാന ലക്ഷണം. അന്നനാളികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ഡോക്ടറുമാരുടെ നിർദേശപ്രകാരം ചികിത്സകൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു.