ശ്രീനഗർ: ജമ്മു -കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ. നാല് സൈനികർക്ക് പരിക്കേറ്റു. കിഷ്ത്വാറിലെ ഛാത്രൂ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ പരിശോധനയ്‌ക്ക് എത്തിയ സൈനിക സംഘവുമായി ഭീകരർ ഏറ്റുമുട്ടുകയായിരുന്നു.
ഏറ്റുമുട്ടൽ തുടരുന്നതായി സൈന്യം അറിയിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വൈകിട്ട് 3.30 ഓടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പരിക്കേറ്റ ഒരു സൈനികനെ സമീപത്തെ കമാൻഡ് ആശുപത്രിയിലേക്ക് ചികിത്സയ്‌ക്കായി മാറ്റിയിട്ടുണ്ട്. ബാക്കിയുളളവരുടെ പരിക്ക് സാരമുളളതല്ലെന്നാണ് നിലവിലെ വിവരം.
കഴിഞ്ഞ ദിവസം ഉദംപൂരിൽ രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചിരുന്നു. ഉദംപൂരിലെ ബസന്ത്ഗഢ് മേഖലയിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ പൂഞ്ചിലെ ദ്രാബാ വനമേഖലയിൽ തെരച്ചിൽ നടത്തിയ സൈനിക സംഘവും ഭീകരരുമായും ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. വനത്തിൽ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന്റെ സ്‌പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് സ്ഥലത്തെത്തിയതോടെ വെടിയുതിർക്കുകയായിരുന്നു.