2024ലെ ലോകത്തെ ഏറ്റവും മികച്ച കമ്പനിയെന്ന നേട്ടം അദാനി ഗ്രൂപ്പിന് സ്വന്തം. ടൈം മാഗസീന്റെ സവിശേഷമായ അംഗീകാരത്തിനാണ് അദാനി ഗ്രൂപ്പ് അർഹമായത്. ആഗോളതലത്തിൽ പ്രമുഖരായ സ്റ്റാറ്റിസ്റ്റിക്കയുമായി സഹകരിച്ച് നടത്തിയ സർവേയിലാണ് കണ്ടെത്തൽ. പ്രധാനമായും മൂന്ന് സൂചികകളുടെ അടിസ്ഥാനത്തിലാണ് മികച്ച കമ്പനിയെ കണ്ടെത്തിയത്. ജോലിക്കാരുടെ സംതൃപ്തി, വരുമാന വളർച്ച, സുസ്ഥിരത എന്നീ കാര്യങ്ങളിൽ നടത്തിയ സർവേയാണ് ‘ലോകത്തെ ഏറ്റവും മികച്ച കമ്പനി’ ഏതെന്ന ചോദ്യത്തിനുത്തരം അദാനി ഗ്രൂപ്പിലെത്തിച്ചത്.
മൂല്യനിർണയത്തിനായി പരിഗണിച്ചവയിൽ അദാനി ഗ്രൂപ്പിന്റെ 11 കമ്പനികളിൽ എട്ടെണ്ണവും ഉൾപ്പെടുന്നു. ശേഷിക്കുന്ന മൂന്നെണ്ണം എട്ട് കമ്പനികളുടെ ഉപകമ്പനികളാണ്. അദാനി എൻ്റർപ്രൈസസ്, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ, അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ്, അദാനി ടോട്ടൽ ഗ്യാസ്, അംബുജ സിമൻ്റ്സ്, അദാനി പവർ, അദാനി വിൽമർ ലിമിറ്റഡ് എന്നിവയാണ് സർവേയുടെ ഭാഗമായത്. ഏകദേശം 50 രാജ്യങ്ങളിലായി 1,70,000 പേർ സർവേയുടെ ഭാഗമായി. ജോലി സ്ഥലത്തെ അന്തരീക്ഷം, വേതനം, തുല്യത, തുടങ്ങി ജീവനക്കാരുമായി നേരിട്ട് ബന്ധപ്പെട്ട കാര്യങ്ങൾ ഗഹനമായി പരിശോധിക്കപ്പെട്ടിരുന്നു. കമ്പനിയുടെ മൊത്തത്തിലുള്ള പ്രതിച്ഛായയും പഠനവിധേയമായി. ജീവനക്കാരുടെ സംതൃപ്തിയിലും വരുമാന വളർച്ചയിലും അദാനി ഗ്രൂപ്പിനുള്ള പ്രതിബദ്ധതയാണ് ഈ അംഗീകാരം സൂചിപ്പിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.