ഓണത്തപ്പനെ വരവേൽക്കാൻ പൂവിളികളുമായി മറ്റൊരു പൊന്നോണം കൂടി എത്തിയിരിക്കുന്നു. പൂക്കളമിട്ടും ഓണസദ്യ ഒരുക്കിയും ഓണക്കോടി അണിഞ്ഞും കേരളക്കരയാകെ ആഘോഷത്തിന്റെ നാളുകൾ.. അത്തം പത്തിന് തിരുവോണമെന്ന് പറയുമ്പോഴും അത്തം മുതൽ പൂക്കളമിട്ട് ഓണനാളിനെ വരവേൽക്കാനായി കേരളക്കര കാത്തിരിക്കുകയാണ്. ഇതിൽ പ്രധാനമാണ് ഉത്രാടവും. ഒന്നാം ഓണം ഗംഭീരമാക്കാതെ മലയാളികൾക്ക് എന്തോണം?
പുത്തൻ ഓണക്കോടി ധരിച്ച് ഓണസദ്യ ഒരുക്കി പൂക്കളമിട്ടാണ് ഒന്നാം ഓണത്തെ നാം വരവേൽക്കുന്നത്. ചില സ്ഥലങ്ങളിൽ ഉത്രാടത്തിന് ഏറ്റവും വലിയ പൂക്കളമാണിടുക. തിരുവോണത്തിന് മാവേലിയെ എതിരേൽക്കുന്ന ചടങ്ങുകളും നടത്തും. തിരുവോണത്തിനായി സാധനങ്ങൾ വാങ്ങാൻ ആളുകൾ കടകളിലേക്ക് ഇറങ്ങുമ്പോഴുണ്ടാകുന്ന തിരക്കും എങ്ങും പ്രശസ്തമാണ്. ഉത്രാടപ്പാച്ചിൽ എന്നാണ് ഇത് അറിയപ്പെടുന്നത്.
അത്തം തുടങ്ങി ഒമ്പത് നാളുകൾ പിന്നിടുമ്പോഴാണ് ഒന്നാം ഓണമായ ഉത്രാടമെത്തുന്നത്. ചില സ്ഥലങ്ങളിൽ ഒമ്പത് കൂട്ടം കറിവട്ടങ്ങൾ ഒരുക്കി വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കുക. തിരുവോണത്തിന്റെ തലേദിവസമായ ഉത്രാടത്തിനാണ് മിക്കവീടുകളിലും കായവറുത്തത് ഉണ്ടാക്കുക. ചില സ്ഥലങ്ങളിൽ ഉപ്പേരിയെന്നും ഇത് അറിയപ്പെടുന്നു. എന്നാൽ ഇന്ന് ബഹുഭൂരിപക്ഷവും കടകളിൽ നിന്നാണ് കായ വറുത്തതും ശർക്കരവരട്ടിയുമൊക്കെ വാങ്ങുന്നത്.
വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവരും കുട്ടികളും മുതിർന്നവരും എല്ലാവരും ഉത്രാടനാളിൽ ഒത്തുചേർന്ന് മാവേലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നു. ഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും മറ്റൊരു ഓണം കൂടിയെത്തുമ്പോൾ ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ് ഇന്ന് കേരളക്കര.