എറണാകുളം: പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഓടുന്ന കാറിൽ നിന്നും എടുത്തുചാടാൻ യുവതിയുടെ ശ്രമം. എറണാകുളം സ്വദേശിയായ യുവാവും കണ്ണൂർ സ്വദേശിയായ യുവതിയുമായിരുന്നു കാറിലുണ്ടായിരുന്നത്. വഴക്കിനിടെ റോഡിലേക്ക് എടുത്തു ചാടാൻ നിൽക്കുന്ന യുവതിയെ കണ്ട് ബൈക്ക് യാത്രക്കാർ കാർ നിർത്തിക്കുകയായിരുന്നു.
ഇരുവരും വാഗമണ്ണിലെത്തി തിരിച്ചു പോവുമ്പോഴായിരുന്നു സംഭവം നടന്നത്. സ്വർണം പണയം വച്ച് ലഭിച്ച 13,000 രൂപയുമായാണ് യുവതി വാഗമണ്ണിലെത്തിയത്. എന്നാൽ ഇത് യുവാവ് ചെലവഴിച്ചിരുന്നു. ഈ പണം യുവാവിനോട് തിരികെ ചോദിച്ചതാണ് വഴക്കിന് കാരണമായത്. തന്നെ യുവാവ് ഉപദ്രവിച്ചെന്നും ഇതോടെയാണ് പുറത്തേക്ക് ചാടാൻ തീരുമാനിച്ചതെന്നും യുവതി ബൈക്ക് യാത്രക്കാരോട് പറഞ്ഞു.
നാട്ടുകാർ ഇടപെട്ട് ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതോടെ യുവാവ് കുറച്ചു പണം യുവതിക്ക് നൽകിയതായും ഇരുവരും വഴക്ക് ഒത്തുതീർപ്പാക്കി തിരികെ പോയതായും പൊലീസ് പറഞ്ഞു.















