ന്യൂഡൽഹി; ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് അനുകൂല സാഹചര്യങ്ങൾ ഒരുക്കാനും യോജിച്ച് പ്രവർത്തിക്കാനും ഇന്ത്യയും ചൈനയും തീരുമാനിച്ചതായി ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ്. അതിർത്തി സംബന്ധമായി ചൈനയുമായുള്ള പ്രശ്നങ്ങളിൽ 75 ശതമാനവും പരിഹരിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ശരിവച്ചു കൊണ്ടാണ് ചൈനയുടെ പ്രസ്താവന. കിഴക്കൻ ലഡാക്കിൽ ഗാൽവൻ താഴ്‌വര ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ നിന്ന് സൈന്യം പിൻവാങ്ങിയെന്നും, അതിർത്തി മേഖലകളിലെ സ്ഥിതിഗതികൾ സുസ്ഥിരമാണെന്നും മാവോ നിംഗ് വ്യക്തമാക്കി.
” ഡയറക്ടർ വാങ് യി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തി വിഷയത്തിലുൾപ്പെടെ നടത്തിയ ചർച്ചകളിൽ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. ഇക്കാര്യം ഇരുപക്ഷവും ചർച്ച ചെയ്തു. പരസ്പര ധാരണയും വിശ്വാസവും പുലർത്തി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാനും ഇതിനായി നല്ല രീതിയിൽ ആശയവിനിമയം തുടരാനും തീരുമാനിച്ചു. ഇന്ത്യയുടെ സൈന്യവും നാല് മേഖലകളിൽ നിന്ന് പിൻവാങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ ശാന്തവും ഇരുരാജ്യങ്ങളുടേയും നിയന്ത്രണത്തിലാണെന്നും” മാവോ നിംഗ് പറഞ്ഞു.
അതിർത്തി സംബന്ധമായ പ്രശ്നങ്ങളിൽ 75 ശതമാനവുംപരിഹരിച്ചതായും, ഇനിയും രണ്ട് രാജ്യങ്ങൾക്കിടയിലും ധാരാളം ചെയ്യാനുണ്ടെന്നും ജയശങ്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ” നേരത്തെയും ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിൽ വളരെ അടുത്ത ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. 2020ൽ ഒന്നിലധികം കരാറുകളുടെ ലംഘനമാണ് നടന്നത്. യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് നിരവധി ചൈനീസ് സൈനികർ എത്തി. ഇതിന് മറുപടിയായി ഇന്ത്യയുടെ സൈനികരേയും അവിടേക്ക് മാറ്റേണ്ടതായി വന്നു.ഇപ്പോൾ ഇന്ത്യ-ചൈന അതിർത്തിയിലെ 75 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചു കഴിഞ്ഞുവെന്നും” ജയശങ്കർ പറഞ്ഞിരുന്നു.
നിയന്ത്രണ രേഖയിലെ തർക്കം ഉൾപ്പെടെ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ വച്ചാണ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തിയത്. ” യഥാർത്ഥ നിയന്ത്രണയിലെ ഇനിയും അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹാരം കാണുന്നതിനും, പ്രശ്ന പരിഹാരങ്ങൾ ഇതുവരെ നടത്തിയ ശ്രമങ്ങൾ അവലോകനം ചെയ്യുന്നതിനും ഇരുപക്ഷത്തിനും അവസരം ലഭിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ദൃഢമാക്കുന്നതിനുമുള്ള സാഹചര്യങ്ങൾ ഇതുവഴി സൃഷ്ടിക്കപ്പെടും. തർക്കബാധിത മേഖലകളിൽ കൂടുതൽ ഇടപെടലുകൾ നടത്താനും, ഇരുപക്ഷത്ത് നിന്നും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കാമെന്ന് ഇന്ത്യയും ചൈനയും തീരുമാനിച്ചതായും” വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.