ശ്രീനഗർ: ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദോഡയിലെ മഹാറാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 42 വർഷത്തിനിടെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ദോഡ സന്ദർശിക്കാൻ തയ്യാറാകുന്നത്. അതിനാൽ അത്യന്തം ആവേശത്തൊടെയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റത്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ബിജെപി സർക്കാർ താഴ്വരയിൽ കൊണ്ടുവന്ന മാറ്റങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
താഴ്വരയെ വീണ്ടും ഇരുണ്ട കാലത്തിലേക്ക് തിരിച്ചെത്തിക്കാനാണ് കോൺഗ്രസ്, പിഡിപി, നാഷണൽ കോൺഫറൻസ് സഖ്യത്തിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിൽ വിഘടനവാദത്തിനും ഭീകരവാദത്തിനും ആവശ്യമായ സാഹചര്യം ഒരുക്കുകയാണ് ‘രാഷ്‌ട്രീയ രാജവംശങ്ങൾ’ ചെയ്തത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കശ്മീരിലെ യുവാക്കളും മൂന്ന് കുടുംബങ്ങളും തമ്മിലാണ്. പ്രതിപക്ഷം പ്രകടപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കിയാൽ സ്കൂളുകൾക്ക് തീയിടുകയും കല്ലേറ് നടത്തുകയും ചെയ്യുന്ന ദിവസങ്ങളിലേക്ക് താഴ്‌വര വീണ്ടും മടങ്ങും. രാഹുലും സഖ്യവും വിദ്വഷേത്തിന്റെ കടയ്‌ക്ക് (നഫ്രത് കി ദുകാൻ) സ്നേഹത്തിന്റെ കടയെന്ന ( മൊഹബത് കി ദുകാൻ) ബോർഡ് വെച്ച് ആളുകളെ പറ്റിക്കുകയാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.
കോൺഗ്രസ് സർക്കാറിലെ ആഭ്യന്തരമന്ത്രിയായിരുന്ന സുശീൽ കുമാർ ഷിൻഡെ, ലാൽ ചൗക്കിലേക്ക് പോകാൻ തനിക്ക് ഭയമാണെന്ന് പറഞ്ഞതും പ്രധാനമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ ഭീകരവാദം ഊർദ്ധശ്വാസം വലിക്കുകയാണ്. ഒരുകാലത്ത് പൊലീസിനും സൈന്യത്തിനും നേരെ എറിയാൻ പെറുക്കിയ കല്ലുകൾ ഇപ്പോൾ കെട്ടിടം പണിയാനാണ് ഉപയോഗിക്കുന്നത്. മുൻപ് വൈകുന്നേരമായാൽ അപ്രഖ്യാപിത കർഫ്യൂ നിലനിന്നിരുന്ന സ്ഥലമാണ് ലാൽ ചൗക്ക്. ഇന്ന് അവിടെ നടത്തുന്ന ദേശീയ ദിനഘോഷങ്ങൾ ലോകശ്രദ്ധ നേടുകയാണ്. പത്ത് വർഷം കൊണ്ട് കൺമുന്നിലാണ് മാറ്റങ്ങൾ ഉണ്ടായതെന്നും പ്രധാനമന്തി പറഞ്ഞു.
ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉറപ്പിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുവെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. കശ്മീർ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.















