ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് അമേരിക്ക. ഇന്ത്യൻ വംശജയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസും (Kamala Harris), റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും (Donald Trump) തമ്മിലാണ് നേർക്കുനേർ പോരാട്ടം. വിജയിച്ചാൽ എന്തെല്ലാം കാര്യങ്ങൾ നടപ്പിലാക്കുമെന്ന വാഗ്ദാനങ്ങൾ ഇരുകൂട്ടരും നൽകുന്നുണ്ട്. ഇപ്പോൾ വളരെ നിർണായകമായ വാഗ്ദാനവുമായി വോട്ടർമാർക്കിടയിലേക്ക് എത്തിയിരിക്കുകയാണ് കമല.
പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ചില ഫെഡറൽ ജോലികൾക്ക് (സർക്കാർ ജോലികൾ) കോളേജ് ബിരുദം വേണമെന്ന നിബന്ധന ഒഴിവാക്കുമെന്ന് നിലവിലെ വൈസ് പ്രസിഡൻ്റ് കൂടിയായ കമലാ ഹാരിസ് പ്രഖ്യാപിച്ചു. ഫെഡറൽ ജോലികൾക്ക് അനാവശ്യമായി ഡിഗ്രി ആവശ്യപ്പെടുന്നത് ഒഴിവാക്കുമെന്നായിരുന്നു കമലയുടെ വാക്കുകൾ. നാല് വർഷത്തെ ബിരുദം കൈവശമില്ലാത്ത യുവതീയുവാക്കൾക്കും ഫെഡറൽ ജോലി പ്രാപ്തമാക്കാൻ ഈ തീരുമാനം സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പെൻസിൽവാനിയയിലെ വിൽക്സ്-ബാരെയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു കമലയുടെ പരാമർശം.
2023-ൽ യുഎസ് സെൻസസ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 25 വയസോ അതിൽ കൂടുതലോ പ്രായമുള്ള അമേരിക്കക്കാരിൽ 62%-ത്തിലധികം പേരും ബാച്ചിലേഴ്സ് ബിരുദം നേടാത്തവരാണ്. അഞ്ചിൽ മൂന്ന് വോട്ടർമാരും കോളേജ് ബിരുദം ഇല്ലാത്തവരാണെന്ന് 2020ലെ കണക്കുകളും സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് വോട്ടർമാരെ ആകർഷിക്കുന്ന കമലയുടെ വാഗ്ദാനം.
ഒരു ബിരുദം എന്നത് ഒരു വ്യക്തിയുടെ കഴിവുകളെ പൂർണമായും സൂചിപ്പിക്കണമെന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കമലാ ഹാരിസ്, സ്വകാര്യ മേഖലയിലും ഈ നയം കൊണ്ടുവരാൻ ശ്രമിക്കുമെന്നും പ്രഖ്യാപിച്ചു. നവംബർ അഞ്ചിനാണ് ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് അമേരിക്കയിൽ നടക്കുന്നത്. ഇതുവരെയുള്ള സൂചനകൾ പ്രകാരം കമലയും ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്‌ക്കുമെന്ന് ഉറപ്പാണ്.















