കോഴിക്കോട്: എകരൂലിൽ ചികിത്സപ്പിഴവിനെ തുടർന്ന് യുവതിയും ഗർഭസ്ഥശിശുവും മരിച്ച സംഭവത്തിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധം. മരിച്ച അശ്വതിയുടെ മൃതദേഹവുമായി കുടുംബാംഗങ്ങൾ മലബാർ മെഡിക്കൽ കോളേജിന് മുൻപിൽ പ്രതിഷേധിക്കുകയായിരുന്നു. പൊലീസും ആശുപത്രി അധികൃതരുമായുള്ള ചർച്ചയ്‌ക്കൊടുവിൽ പ്രതിഷേധം അവസാനിപ്പിച്ചു.
ഉത്തരവാദികളായ ആശുപത്രി അധൃകൃതർക്കെതിരെ നരഹത്യക്ക് കേസ് എടുക്കണം എന്നാണ് കുടുംബം ആവശ്യപ്പെട്ടത്. മൃതദേഹം ആശുപത്രി കോമ്പൗണ്ടിൽ കയറ്റാൻ അനുവദിക്കാത്തതിനെ തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷം തുടർ നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പുനൽകിയതായി സമരസമിതിക്ക് നേതൃത്വം നൽകിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ പറഞ്ഞു. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി മാനേജ്മെന്റും അറിയിച്ചു. തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തിൽ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകി.















