ബീജിങ്: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെയും വീഴ്ത്തി വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. 2-1 നാണ് പാകിസ്താനെ തോൽപിച്ചത്. ഇന്ത്യയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്.
എട്ടാം മിനിറ്റിൽ അഹമ്മദ് നദീമിലൂടെ പാകിസ്താൻ മുന്നിലെത്തിയിരുന്നെങ്കിലും അഞ്ച് മിനിറ്റിനുളളിൽ ഇന്ത്യ സമനില പിടിച്ചു. 13 ാം മിനിറ്റിൽ ഹർമൻപ്രീത് സിംഗ് ആണ് ഇന്ത്യയ്‌ക്ക് വേണ്ടി പാകിസ്താന്റെ വല കുലുക്കിയത്. പിന്നീട് 19 ാം മിനിറ്റിലും ഹർമൻപ്രീത് സിംഗിലൂടെ ഇന്ത്യ ലീഡ് നേടി. രണ്ട് തവണയും പെനാൽറ്റികൾ കൃത്യമായി ഹർമൻപ്രീത് സിംഗ് വലയിലെത്തിക്കുകയായിരുന്നു.
പാകിസ്താനും ഇന്ത്യയും നേരത്തെ തന്നെ സെമിയിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. 16 നാണ് സെമി ഫൈനൽ നടക്കുക. 17 ന് ഫൈനലും നടക്കും. എല്ലാ മത്സരങ്ങളും വിജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതായിട്ടാണ് ഇന്ത്യ സെമിയിൽ ഇടം നേടിയത്. ആദ്യ നാല് സ്ഥാനങ്ങളിലെത്തിയ ടീമുകളാണ് സെമിയിൽ ഇടം പിടിച്ചത്.
ഈ വിജയത്തോടെ അന്താരാഷ്‌ട്ര ഹോക്കിയിൽ പാകിസ്താന് മേലുളള ആധിപത്യം ഇന്ത്യ ഒന്ന് കൂടി ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിലും ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു. (10-2)ആയിരുന്നു അന്ന് സ്‌കോർ. അതിന് മുൻപ് ചെന്നൈയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും വിജയം (4-0) ഇന്ത്യയ്‌ക്കായിരുന്നു.