കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ ഒരുക്കി സേവാഭാരതി. സേവാഭാരതി ചേവായൂർ നഗരത്തിന്റെ നേതൃത്വത്തിലാണ് രണ്ടായിരത്തിലധികം ആളുകൾക്ക് ഓണസദ്യ നൽകിയത്. ദേവഗിരി സെന്റ് ജോസഫ് ചർച്ച് സഹായ വികാരി ഫാദർ അജോ മട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ നാലുവർഷമായി സേവാഭാരതി ഓണത്തിനും വിഷുവിനുമെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സദ്യ നൽകാറുണ്ട്. ആശുപത്രിയിൽ ആണെന്ന കാരണത്താൽ ആർക്കും ആഘോഷത്തിന്റെ സ്വാദ് നഷ്ടപ്പെടരുതെന്ന് സേവാഭാരതി പ്രവർത്തകർ പറഞ്ഞു. പായസം ഉൾപ്പെടെ 12 ഇനങ്ങൾ അടങ്ങിയ സദ്യയാണ് വിളമ്പിയത്. ലുക്കീമിയ ബാധിതർക്കും , ചേവായൂർ ത്വക്ക് രോഗ ആശുപത്രിയിലും സദ്യ വിതരണം ചെയ്തു.
ഇതുകൂടാതെ കൊമ്മേരി മേഖലയിൽ മഞ്ഞപ്പിത്ത ബാധിതരുടെ കുടുംബങ്ങൾക്കും, തിരഞ്ഞെടുക്കപ്പെട്ടവർക്കും സേവാഭാരതി ഭക്ഷ്യ കിറ്റുകളും നൽകി. സേവാഭാരതിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എല്ലാദിവസവും ഉച്ചക്കഞ്ഞി വിതരണവും നടത്തുന്നുണ്ട്.