ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ഏറ്റവും വലിയ ലക്ഷ്യം തന്നെ പ്രീണന രാഷ്‌ട്രീയമാണെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഗണപതിയെപ്പോലും ജയിലിൽ അടയ്‌ക്കുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ കുരുക്ഷേത്രയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം.
“രാജ്യം മുഴുവൻ ഗണേശോത്സവം ആഘോഷിക്കുന്നു. എന്നാൽ കോൺഗ്രസ് അതിന് തടസ്സം നിൽക്കുന്നു. ഇന്നുള്ളത് പഴയ കോൺഗ്രസല്ല, ഇന്നത്തെ കോൺഗ്രസ് അർബൻ നക്‌സലിന്റെ പുതിയ രൂപമായി മാറിയിരിക്കുന്നു. നുണ പറയുന്നതിൽ കോൺഗ്രസിന് നാണമില്ല,” മോദി ആരോപിച്ചു.
കർണാടകയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെയുണ്ടായ സംഘർഷങ്ങളെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഘോഷയാത്രയിൽ ഗണപതി വിഗ്രഹത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ബംഗളൂരു മെട്രോപൊളിറ്റൻ ഗണേശ് ഉത്സവ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ച കർണാടക പൊലീസ് ഭക്തരെ കസ്റ്റഡിയിലെടുത്തു. എന്നാൽ ഈ സംഭവങ്ങൾക്കിടയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഗണേശ വിഗ്രഹത്തെയും പൊലീസ് വാനിലേക്ക് കയറ്റുകയായിരുന്നു. പ്രതിഷേധം ഭയന്ന് പൊലീസ് വിഗ്രഹത്തെ ജീപ്പിലേക്ക് മാറ്റി. ഇതാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചത്. കർണാടക സർക്കാർ സംഭവത്തിൽ കാര്യമായ നടപടികളൊന്നും സ്വീകരിക്കാത്തതും പ്രതിഷേധത്തിന് വഴിവച്ചു.















