കൊൽക്കത്ത: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ സിബിഐയുടെ നിർണായക നീക്കം. ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും കൊൽക്കത്ത പൊലീസിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെയും അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും ബോധപൂർവം അന്വേഷണത്തിൽ കാലതാമസം വരുത്തിയെന്നുമുള്ള ആരോപണങ്ങളിലെ അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്.
ഇരുവരും തെളിവുകളിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്നും സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. താലാ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ അഭിജിത് മണ്ഡലാണ് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ. ഇയാൾ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചുവെന്ന് സിബിഐ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
സന്ദീപ് ഘോഷിനെ ഞായറാഴ്ച സീൽദാ കോടതിയിൽ ഹാജരാക്കും. ആർജി കാർ മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിലെടുത്ത സന്ദീപ് ഘോഷ് നിലവിൽ പ്രസിഡൻസി സെൻട്രൽ ജയിലിലാണ് കഴിയുന്നത്.















