ന്യൂഡൽഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷത്തെ നേതാക്കളിലൊരാൾ പ്രധാനമന്ത്രിപദം വരെ വച്ചുനീട്ടിയെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി. പ്രതിപക്ഷത്തെ മുതിർന്ന നേതാവ് ഓഫറുമായി സമീപിച്ചുവെന്നും പ്രധാനമന്ത്രി സ്ഥാനമാണ് മുന്നോട്ടുവച്ചതെന്നും ഗഡ്കരി പറഞ്ഞു.
നാഗ്പൂർ പ്രസ് ക്ലബ്ബിൽ നടന്ന പത്രപ്രവർത്തന അവാർഡ് ദാന ചടങ്ങിനിടെയാണ് ഗഡ്കരി ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ ഓഫർ ശക്തമായി നിരസിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. “ഒരു പ്രത്യേക പ്രത്യയശാസ്ത്രവും ഉറച്ച വിശ്വാസവുമാണ് എന്നെ നയിക്കുന്നതെന്ന് ഞാൻ നേതാവിനോട് പറഞ്ഞു. എനിക്ക് സ്വപ്നം കാണാൻ കഴിയുന്നതിലും അപ്പുറം തന്ന ഒരു പാർട്ടിയുടെ ഭാഗമാണ് ഞാൻ. ഒരു ഓഫറിനും എന്നെ പ്രലോഭിപ്പിക്കാനാവില്ല” അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ വിശദാംശങ്ങളെകുറിച്ചോ ഓഫറുമായെത്തിയ പ്രതിപക്ഷ നേതാവിന്റെ പേരുവിവരങ്ങളോ പരസ്യമാക്കിയില്ലെങ്കിലും 2024 ലെ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും ഭരണത്തിലേറുന്നത് തടയുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാണ്. 13 പാർട്ടികൾ ചേർന്ന് രൂപീകരിച്ച പ്രതിപക്ഷ ഇൻഡി സഖ്യം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷവും സർക്കാരുണ്ടാക്കാൻ തങ്ങൾ ശ്രമം തുടങ്ങിയെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.
മോദി സർക്കാർ ന്യൂനപക്ഷമാണെന്ന തരത്തിൽ അഖിലേഷ് യാദവും കോൺഗ്രസ് നേതാക്കളും ഉൾപ്പെടെ നടത്തിയ പ്രസ്താവനകൾ അന്നേ വിവാദമായിരുന്നു. അണിയറയിൽ പ്രതിപക്ഷം രാഷ്‌ട്രീയ വിലപേശൽ നടത്തിയിട്ടുണ്ടെന്നതിന്റെ സ്ഥിരീകരണമാണ് ഗഡ്കരിയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്.















