യുഎഇയിൽ ഉത്രാടപ്പാച്ചിലുമായി പ്രവാസികൾ. തിരുവോണം കെങ്കേമമായി ആഘോഷിക്കാനായി ഓണക്കോടിയും സദ്യയ്‌ക്കുള്ള വിഭവങ്ങളും വാങ്ങുന്ന അവസാനവട്ട ഓട്ടത്തിലാണ് മലയാളികൾ.
കേരളത്തേക്കാൾ കെങ്കേമമായാണ് ഓരോ വിശേഷ ദിവസങ്ങളും പ്രവാസലോകത്ത് ആഘോഷിക്കുന്നത്. അക്കാര്യത്തിൽ ഇത്തവണയും മാറ്റമില്ലെന്ന് തെളിയിക്കുന്നതാണ് ഉത്രാടം നാളിലെ യുഎഇ വിപണിയിലെ തിരക്ക്. ഓണം ആഘോഷിക്കാനായി ഓണക്കോടിയും സദ്യയ്‌ക്കുള്ള വിഭവങ്ങളും വാങ്ങാനുള്ള അവസാനവട്ട ഓട്ടത്തിലാണ് മലയാളികൾ.
യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഓണച്ചന്ത സജീവമാണ്. തൂശനില മുതൽ സെറ്റ് സാരി വരെ ആഴ്ചകൾക്ക് മുൻപ് തന്നെ എത്തിയിരുന്നു. സദ്യ ഒരുക്കാൻ ആവശ്യമായ പച്ചക്കറികളെല്ലാം വിപണിയിൽ സുലഭമാണ്. മുരിങ്ങയും വെണ്ടയും ചേനയും മത്തനും നേന്ത്രപ്പഴവുമെല്ലാം കേരളത്തിൽ നിന്ന് നേരത്തെ എത്തിയതിനാൽ ഇത്തവണത്തെ സദ്യ കെങ്കേമാവും. വസ്ത്രവിപണിയിൽ ആഴ്ചകൾക്ക് മുൻപ് തന്നെ തിരക്ക് തുടങ്ങിയിരുന്നു. സദ്യയും പൂക്കളവും ഓണക്കളികളുമായി ഓണാഘോഷം കൊഴുപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പ്രവാസികൾ.