തൃശൂർ: ഹൈന്ദവാചാരങ്ങളെ അവഹേളിച്ച് മത്സ്യ – മാംസ സമ്മാന കൂപ്പൺ പുറത്തിറക്കിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പൂരാഘോഷ കമ്മിറ്റി. തൃശൂർ കൈപ്പറമ്പ് ദേവീകൃപ പൂരാഘോഷ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പൂരം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ നടത്താൻ ധനശേഖരണത്തിനായാണ് ഓണനാളിൽ മത്സ്യ – മാംസ സമ്മാന കൂപ്പൺ പുറത്തിറക്കിയിരുന്നത്.
ഭാഗ്യശാലികൾക്ക് സമ്മാനമായി കിലോക്കണക്കിന് മത്സ്യവും മാംസവും നൽകുമെന്ന പോസ്റ്ററും പൂരം കമ്മിറ്റി പ്രചരിപ്പിച്ചിരുന്നു. ഇത് സോഷ്യൽമീഡിയയിൽ അടക്കം വലിയ വിമർശനങ്ങൾക്കും വഴിവച്ചു. സംഭവം ജനം ടിവി വാർത്തയാക്കിയതിനെ തുടർന്ന് പരിപാടി മാറ്റിവച്ചു. ഇറച്ചിയും മീനും സമ്മാനമായി നൽകുന്നതിന് പകരം തുക നൽകുമെന്ന് പൂരം കമ്മിറ്റി അറിയിച്ചു.
കൈപ്പറമ്പ്കാവ് ക്ഷേത്രത്തിലേക്കാണ് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ തവണയും പൂരം സംഘടിപ്പിക്കുന്നത്. സമ്മാനകൂപ്പൺ വിവാദമായപ്പോൾ സംഭവം തങ്ങളുടെ അറിവോടെയല്ല നടക്കുന്നതെന്ന് ക്ഷേത്രഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൈപ്പറമ്പ് ക്ഷേത്രകമ്മിറ്റി വാർത്താകുറിപ്പ് പുറത്തിറക്കി. തങ്ങളുടെ അറിവോടെയല്ല സംഭവം നടന്നതെന്നും ജനം ടിവി കൃത്യമായി റിപ്പോർട്ട് ചെയ്തതാണെന്നും ക്ഷേത്രകമ്മിറ്റി അറിയിച്ചു.
കൈപ്പറമ്പ് ദേവീകൃപ പ്രാദേശിക സമുദായം നടത്താൻ നിശ്ചയിച്ചിരുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പ് കൈപ്പറമ്പ് ക്ഷേത്രകമ്മിറ്റിയുടെ അറിവോടെയല്ല. ദേവീകൃപ പ്രാദേശിക സമുദായത്തിന്റെ ഈ പ്രവൃത്തിയെ ക്ഷേത്രകമ്മിറ്റി ശക്തമായി അപലപിക്കുന്നു. ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്ത ജനംടിവിയുടെ റിപ്പോർട്ടർ ക്ഷേത്രകമ്മിറ്റിയുടെ സെക്രട്ടറിയെ ബന്ധപ്പെട്ടപ്പോൾ കമ്മിറ്റിയുടെ അറിവോടെയല്ല എന്ന നിലപാടറിയിക്കുകയാണ് ജനംടിവി അത് റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ വാസ്തവ വിരുദ്ധമായി ക്ഷേത്രകമ്മിറ്റിക്ക് എതിരെ വന്ന വാർത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നു. കൈപ്പറമ്പ് ക്ഷേത്രത്തിന്റെ യശ്ശസിന് കളങ്കമേൽപ്പിക്കുന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അടിയന്തരമ നിയമനടപടികൾ സ്വീകരിക്കും. – ക്ഷേത്ര സംരക്ഷണ സമിതി അറിയിച്ചു.















