കൊച്ചി: ഓണസദ്യയില്ലാതെ മലയാളിക്ക് തിരുവോണത്തെക്കുറിച്ച് ചിന്തിക്കാനാകില്ല. വീടുകളിൽ ഒന്നിച്ചിരുന്ന് അടുക്കളയിൽ വെച്ചുണ്ടാക്കി ഓണം വിളമ്പിയിരുന്ന കാലം പോയ്മറഞ്ഞു. ഇന്ന് കഥ മാറി. ഫ്‌ളാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും അണുകുടുംബങ്ങളായി താമസിക്കുന്ന മലയാളിക്ക് ഇന്ന് ഓണമാഘോഷിക്കാൻ പോലും സമയമില്ലാത്ത തിരക്കാണ്. അതുകൊണ്ടുതന്നെ ഓണമെത്തിയാൽ സദ്യ വിളമ്പാൻ തയ്യാറായി നിൽക്കുന്നത് ഹോട്ടൽ-കാറ്ററിങ് മേഖലയാണ്.
മുൻവർഷത്തെ അപേക്ഷിച്ച് 60 ശതമാനം വരെ അധിക ബുക്കിംഗ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ. ഓഫീസുകളിൽനിന്നും കോളേജുകളിൽ നിന്നും ബുക്ക് ചെയ്തതിന് പുറമെ ഇത്തവണ വീടുകളിൽ നിന്നുള്ള ബുക്കിങ്ങുകളും വർധിച്ചിട്ടുണ്ട്. ഇത്തവണ മലയാളി ഓണത്തിന് ഉണ്ണുന്നത് 400 കോടി രൂപയുടെ സദ്യയാണ്.
ഹോട്ടലുകളിൽ സദ്യ ഒരാൾക്ക് ഏറ്റവും കുറഞ്ഞ തുക 250 ആണ്. വിഭവങ്ങളുടെ എണ്ണത്തിനനുസരിച്ച് വിലയിൽ വ്യത്യാസം വരും. വലിയ ഹോട്ടലുകളാണെങ്കിൽ വില ഇതിനേക്കാൾ ഉയരും. 800 രൂപ മുതലാണ് ഏറ്റവും കുറഞ്ഞ വില തുടങ്ങുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 2,600 രൂപവരെ ഒരു സദ്യക്ക് ഈടാക്കുന്നുണ്ട്. ബുക്ക് ചെയ്തതിൽ 60 ശതമാനത്തോളവും തിരുവോണ ദിവസത്തേക്കാണ്.
ഇടത്തരം ഹോട്ടലുകൾ പോലും ഇത്തവണ ഓണസദ്യയ്‌ക്ക് 400 മുതൽ 500 രൂപ വരെയാണ് ഈടാക്കുന്നത്. വിശ്വാസയോഗ്യമായിടത്താണ് കുടുംബങ്ങൾ സദ്യയ്‌ക്ക് ഓർഡർ നൽകുന്നത്. അതാണ് ഇവർ മുതലെടുക്കുന്നതും. കൂടാതെ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളുടെ അധികച്ചിലവും പാക്കിംഗ് ചാർജ്ജുമൊക്കെയാണ് പലരും വില വർദ്ധിച്ചതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.















