മലപ്പുറം: ജില്ലയിൽ കഴിഞ്ഞയാഴ്ച മരിച്ച യുവാവിന്റെ മരണം നിപ ബാധ മൂലമാണെന്ന സംശയത്തെ തുടർന്ന് ആരോഗ്യവകുപ്പ് തയ്യറാക്കിയ സമ്പർക്കപ്പട്ടികയിൽ 151 പേരുണ്ടെന്ന് റിപ്പോർട്ട്. നേരത്തെ 26 പേരായിരുന്നു പട്ടികയിലുണ്ടായിരുന്നത്. പിന്നീട് ഇത് വിപുലീകരിക്കുകയായിരുന്നു. 151 പേരും നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനയിൽ ഫലം പോസിറ്റീവായതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നടപടികൾ സ്വീകരിച്ചത്. തിരുവാലി പഞ്ചായത്തിലെ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ചർച്ച ചെയ്തു. നിപ ഔദോഗികമായി സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും.
നിലവിൽ നിരീക്ഷണത്തിൽ കഴിയുന്ന 151 പേരിൽ രണ്ടുപേർക്ക് രോഗലക്ഷണമുണ്ട്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും സാമ്പിളുകൾ പരിശോധനയ്‌ക്ക് അയക്കും. ജാഗ്രതയുടെ ഭാഗമായി തിരുവാലി പഞ്ചായത്തിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. പനി ബാധിച്ചവരെ കണ്ടെത്താൻ ജില്ലയിൽ സർവേ നടപടികൾ ആരംഭിച്ചിട്ടുണ്ട്.