ന്യൂഡൽഹി: രണ്ട് ദിവസത്തിന് ശേഷം ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ. എഎപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു സ്ഥാനം ഒഴിയുമെന്ന പ്രഖ്യാപനം നടത്തിയത്.
രണ്ട് ദിവസം കഴിഞ്ഞ് രാജിവെക്കും എന്ന പ്രഖ്യാപനം വെറും രാഷ്‌ട്രീയ നാടകമാണെന്ന് ബിജെപി നേതാവ് ഹരീഷ് ഖുറാന പറഞ്ഞു. സെക്രട്ടേറിയറ്റിൽ പോകാനോ, രേഖകളിൽ ഒപ്പിടാൻ പറ്റാത്ത മുഖ്യമന്ത്രിയുണ്ടായിട്ട് ഡൽഹിയിലെ ജനങ്ങൾക്ക് എന്തുപയോഗമെന്ന് അദ്ദേഹം ചോദിച്ചു. 48 മണിക്കൂർ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോൾ തന്നെ രാജിവെച്ച് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് ബിജെപി സജ്ജരാണെന്നും 25 വർഷത്തിന് ശേഷം ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും, ഹരീഷ് ഖുറാന പറഞ്ഞു.
മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച കേജ്‌രിവാൾ കഴിഞ്ഞ ദിവസമാണ് ജയിൽ നിന്ന് പുറത്തിറങ്ങിയത്. കർശന മാനദണ്ഡങ്ങളോടെയാണ് സുപ്രീംകോടതി കേജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റിൽ പ്രവേശിക്കാനോ ഫയലുകളിൽ തീരുമാമെടുക്കാനോ കേജ്‌രിവാളിന് സാധിക്കില്ല. ഇതോടെ മുഖ്യമന്ത്രിയായി തുടരുന്നതിൽ കേജ്രിവാളിന്റെ നിയമപരമായി തടസ്സമുണ്ട്. ഇതും രാജിക്ക് കാരണമായെന്ന് സൂചനയുണ്ട്.
ഡൽഹിയിലെ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേജ്‌രിവാവിന്റെ രാഷ്‌ട്രീയ നാടകമെന്നും വിലയിരുത്തപ്പെടുന്നു. ഡൽഹിയിൽ അടുത്തവർഷം ഫെബ്രുവരിയിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. എന്നാൽ ഈ വർഷം നവംബറിൽ മഹാരാഷ്‌ട്രയിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ കൂടെ ഡൽഹി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേജ്‌രിവാളിന്റെ ആവശ്യം.















