ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നടത്തിയ പ്രതികരണം ഉചിതമായിരുന്നോയെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകി മാധവ് സുരേഷ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന പ്രശ്നത്തിൽ അച്ഛൻ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് മകൻ മാധവ് സുരേഷ് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളിലും തുടർന്നുയർന്നുവന്ന ലൈംഗികാരോപണങ്ങളിലും സുരേഷ് ഗോപി നടത്തിയ പ്രതികരണത്തെക്കുറിച്ചായിരുന്നു മാധവ് സുരേഷിനോട് നിലപാട് ചോദിച്ചത്.
സുരേഷ് ഗോപിയെന്നല്ല, മമ്മൂട്ടി സർ ആയാലും മോഹൻലാൽ ആയാലും ഏതൊരു അഭിനേതാവിനാണെങ്കിലും ഈയൊരു വിഷയത്തിൽ കോടതി വിധി വന്നതിന് ശേഷമേ ശരിയായൊരു അഭിപ്രായപ്രകടനം നടത്താൻ സാധിക്കുകയുള്ളൂവെന്ന് മാധവ് സുരേഷ് പറഞ്ഞു. താൻ കോടതിയിൽ വിശ്വസിക്കുന്നയാളാണ്. ആരോപണങ്ങളിന്മേലുള്ള കേസുകൾ കോടതിയുടെ പരിഗണനയിലാണ്. ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഒരാളെ വിലയിരുത്താൻ സാധിക്കില്ല. കോടതി വിധി വരുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ഉന്നയിക്കുന്നതെങ്കിൽ അപ്പോൾ മറുപടി പറയാൻ തയ്യാറാണ്. അല്ലാതെ മീഡിയ റിപ്പോർട്ടുകളും സോഷ്യൽമീഡിയയിലെ ചർച്ചകളും അടിസ്ഥാനപ്പെടുത്തി ഒരു നിലപാട് പറയാൻ തനിക്കാവില്ല. അങ്ങനെ അഭിപ്രായം പറയാൻ തന്റെ അച്ഛനും സാധിക്കില്ല.- മാധവ് സുരേഷ് പറഞ്ഞു.















