സ്വിഗ്ഗി ഡെലിവറി എജന്റിനെ കുറിച്ചുള്ള യുവതിയുടെ പരാമർശത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു. തനിക്ക് ഭക്ഷണം എത്തിച്ച സ്വിഗ്ഗി ഡെലിവറി എജന്റിന് കന്നഡ സംസാരിക്കാമോ മനസിലാക്കാനോ സാധിക്കാതാണ് യുവതിയെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ എക്സിൽ പങ്കുവെച്ച് കുറിപ്പാണ് വിവാദത്തിന് തിരി കൊളുത്തിയത്.
ബെംഗളൂരു കർണാടകയിലോ അതോ പാകിസ്താനിലോ എന്ന് സ്വിഗ്ഗി പ്ലാറ്റ്ഫോമിനെ ടാഗ് ചെയ്ത് യുവതി ചോദിച്ചു. നിങ്ങളുടെ ഡെലിവറിക്കാരന് കന്നഡ സംസാരിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ല, ഇംഗ്ലീഷ് പോലും അയാൾക്ക് അറിയില്ല. അയാളുടെ സംസ്ഥാന ഭാഷയായ ഹിന്ദി ഞങ്ങൾ പഠിക്കുമെന്നാണോ നീങ്ങൾ പ്രതീക്ഷിക്കുന്നത്? ഞങ്ങളുടെ മേൽ ഇത്തരം കാര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം ഇനിയെങ്കിലും അവസാനിപ്പിക്കണം, ഓഡറിന്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കുവെച്ച് യുവതി പറഞ്ഞു.
യുവതിയുടെ പോസ്റ്റിന് ഇതിനകം 2.35 ലക്ഷത്തിലധികം വ്യൂസാണ് ലഭിച്ചത്. യുവതിയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ജോലികളിൽ കന്നഡിഗർക്ക് മുൻഗണന നൽകണമെന്ന് പ്രാദേശിക വാദത്തിനൊപ്പമാണ് യുവതിയുടെ അഭിപ്രായങ്ങളെന്നാണ് ചിലർ പ്രതികരിച്ചത്. ഹിന്ദി നമ്മുടെ ദേശീയ ഔദ്യോഗിക ഭാഷയല്ലേ, അത് സംസ്ഥാന ഭാഷയാണെന്ന് ആരാണ് പറഞ്ഞത്. ത്രിഭാഷ ഉടമ്പടിയെ കുറിച്ച് ധാരണയില്ല അല്ലേ ? നിങ്ങൾ ഭരണഘടനയ്ക്ക് മുകളിലാണോ?? പിന്നെ ഹിന്ദിക്കും പാകിസ്ഥാനുമായി എന്ത് ബന്ധം???” എന്നാണ് ഒരാൾ പ്രതികരിച്ചത്. എന്നാൽ പ്രാദേശിക ഭാഷ പഠിക്കണമെന്ന് വാദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.















