തിരുവനന്തപുരം: 25 വർഷമായി സേവഭാരതിയുടെ ഓണാഘോഷം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികളോടൊപ്പമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമ്മ ഏൽപ്പിച്ച ദൗത്യമാണ് താൻ ചെയ്തുകൊണ്ടിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാരോടൊപ്പവുമുള്ള സേവാഭാരതിയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
” 2001-ലാണ് ഞാൻ ആദ്യമായി സേവഭാരതിയോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുക്കാനും ഓണസദ്യ വിളമ്പാനും എത്തുന്നത്. എന്നെ ഈ ദൗത്യം എന്നെ ഏൽപ്പിച്ച് അമ്മ മൺമറഞ്ഞ വർഷമായ 2012-ൽ മാത്രം ഞാൻ സേവാഭാരതിയുടെ ഓണാഘോഷത്തിൽ പങ്കെടുത്തില്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം നീ ഇത് ചെയ്തിരിക്കണമെന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു.
2001-ൽ സാധാരണ സിനിമ നടനും കലാകാരനായുമാണ് ഞാൻ ഇവിടെ എത്തിയിരുന്നത്. ഇപ്പോൾ ഞാൻ ലോക്സഭാ എംപിയായി അധികാരമേറ്റ ശേഷം ഓണം ആഘോഷിക്കാൻ എത്തിയിരിക്കുകയാണ്. ബുദ്ധിയുള്ള, നല്ല ഹൃദയമുള്ള ആളുകൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. എന്നെ തെരഞ്ഞെടുത്തു”.
ആരോഗ്യ പരിപാലനത്തിനും ജനങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയാണ് സേവാഭാരതി പ്രവർത്തിക്കുന്നത്. ക്യാൻസർ രോഗികൾക്ക് വേണ്ടി സംഘടിപ്പിച്ചിട്ടുള്ള സേവാഭാരതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ക്യാൻസറെന്ന് വേർതിരിച്ചു കാണാതെ രോഗികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സേവാഭാരതി ഒരുക്കി കൊടുക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.















