മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ് കല്യാണ രാമനിൽ ഇന്നസെന്റ് അവതരിപ്പിച്ച മിസ്റ്റർ പോഞ്ഞിക്കര. ചിത്രത്തിൽ അത്ര പ്രാധാന്യമില്ലാത്ത കഥാപാത്രം ആയിരുന്നെങ്കിലും കല്യാണ രാമൻ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ ഓടിയെത്തുന്നത് പോഞ്ഞിക്കരയാണ്. വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ ഇന്നസെന്റിന്റെ അഭിനയത്തെ കുറിച്ച് പങ്കുവക്കുകയാണ് സംവിധായകൻ ഷാഫി. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷാഫി.
“കല്യാണരാമനിലെ ലൊക്കേഷനിൽ വന്ന് ഇന്നസെന്റെ് ചേട്ടൻ കഥയൊക്കെ കേട്ടു. പക്ഷേ, കഥ കേട്ട് കഴിഞ്ഞപ്പോൾ ചേട്ടന് ചെറിയ വിഷമമുണ്ടായിരുന്നു. എന്താ ചേട്ടാ പ്രശ്നമെന്ന് ഞാൻ ചോദിച്ചു. ഈ കഥയുമായി വലുതായിട്ട് ബന്ധമില്ലാത്ത ഒരു കഥാപാത്രമാണ് എനിക്കുള്ളതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷേ, പിന്നീടുള്ള ഓരോ സീനും അദ്ദേഹം ഗംഭീരമായി അവതരിപ്പിച്ചു”.
“ആദ്യം മേക്കപ്പ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ മിസ്റ്റർ പോഞ്ഞിക്കര എന്ന കഥാപാത്രത്തിന്റെ ഒരു രൂപം നമുക്ക് കിട്ടി. പിന്നെ ആ കഥാപാത്രത്തിന്റെ ഓരോ സീൻ കഴിയുമ്പോഴും നമ്മൾ അതിശയിച്ചുപോയി. സിനിമയിൽ ഉരുളി പൊക്കുന്ന ഒരു സീനുണ്ട്. ഉരുളി പൊക്കാൻ ശ്രമിച്ചിട്ട് പൊങ്ങാതെ വരുമ്പോൾ, അതിനകത്ത് കിടന്ന താലം വലിച്ചെറിഞ്ഞിട്ട് “വെറുതെയല്ല, ഇത് പൊങ്ങാത്തത് ഈ പണ്ടാരം കിടക്കുന്നത് കൊണ്ടാ” എന്നൊരു ഡയലോഗ് അദ്ദേഹം പറയും”.
അത് ശരിക്കും തിരക്കഥയിൽ ഉള്ളതല്ല. അതിനകത്ത് അങ്ങനെയൊരു താലം കിടക്കുന്നത് ഞങ്ങൾക്ക് പോലും അറിയില്ലായിരുന്നു. സീൻ എടുത്തുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം കയ്യിൽ നിന്നിട്ട ഡയലോഗാണത്. ആ സിനിമയിൽ അങ്ങനെയൊരു ഡയലോഗ് ഇല്ലായിരുന്നുവെന്നും ഷാഫി പറഞ്ഞു.















