മിനി സ്‌ക്രീനിലും സ്റ്റേജിലും ഒരുപോലെ തിളങ്ങിയിട്ടുള്ള കലാകാരിയാണ് സ്‌നേഹ ശ്രീകുമാർ. നർത്തകിയെന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള താരം തന്റെ ഓരോ വിശേഷങ്ങളും സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. യാത്രകൾക്കായി ഒരു എസ്.യു.വി സ്വന്തമാക്കിയ വിശേഷമാണ് ഓണക്കാലത്ത് ഷെയർ ചെയ്തിരിക്കുന്നത്.
ടോയോട്ടയുടെ അർബൻ ക്രൂയിസർ ഹൈറൈഡർ എന്ന എസ്.യു.വിയാണ് താരം സ്വന്തമാക്കിയത്. ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് വിവരം പങ്കുവെച്ചത്. 16.66 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് ഹൈറൈഡറിന്റെ എക്‌സ്‌ഷോറൂം വില.
ഞാനും കേദാറും( മകൻ) കൂടി പുതിയ കാർ വാങ്ങാൻ പോവുകയാണ്. ശ്രീക്ക് ഉപ്പും മുളകും ഷൂട്ടായതിനാൽ ഞങ്ങളുടെ കൂടെ വരാൻ പറ്റിയിട്ടില്ല. ശ്രീ വരാത്തതിന്റെ ചെറിയൊരു നിരാശ ഞങ്ങൾക്കുണ്ട്. ഏതാണ്ട് എട്ട് വർഷത്തോളമായി കൂടെയുള്ള വണ്ടി പോയപ്പോൾ എനിക്ക് വലിയ വിഷമമായിരുന്നു.എന്റെ സങ്കടങ്ങളും സന്തോഷങ്ങളുമൊക്കെ കണ്ടിട്ടുള്ള വണ്ടിയാണ്. അത് മാറ്റേണ്ട അവസ്ഥ വന്നത് കൊണ്ടാണ് മാറ്റുന്നത്. ആദ്യത്തെ വണ്ടിയോടുള്ള സ്‌നേഹം എനിക്കൊരിക്കലും മറക്കാനാവില്ലെന്നും സ്നേഹ പറയുന്നു.















