തിരുവോണ നാളിൽ മലയാളി ആരാധകർക്ക് സർപ്രൈസ് ഒരുക്കി കൂലി ടീം. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സ്പെഷ്യൽ ഡാൻസിന്റെ വീഡിയോയാണ് ടീം പുറത്തുവിട്ടത്. ഓണാശംസകൾ നേർത്താണ് ലോകേഷ് കനകരജ് – രജനികാന്ത് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വീഡിയോ പങ്കുവച്ചത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് 38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.
മുണ്ടും ഷർട്ടും കൂളിംഗ് ഗ്ലാസും ധരിച്ചാണ് തലൈവറുടെ സ്പെഷ്യൽ ഡാൻസ്. ഒപ്പം കാമറാമാനും മലയാളിയുമായ ഗിരീഷ് ഗംഗാധരനുമുണ്ട്. വേട്ടയ്യൻ എന്ന ചിത്രത്തിലെ മനസിലായോ എന്ന ഗാനത്തിനാണ് രജനികാന്തും സംഘവും ചുവട് വയ്‌ക്കുന്നത്. “കൂലിയുടെ സെറ്റിൽ നിന്ന് ഗംഭീരമായി ഓണം ആഘോഷിക്കുന്ന സൂപ്പർ താരം”,–എന്ന അടികുറിപ്പിലാണ് വീഡിയോ എത്തിയത്.
ആശംസകളറിയിച്ച് നിരവധി മലയാളികൾ പോസ്റ്റിന് താഴെ കമൻ്റുകൾ പങ്കുവച്ചിട്ടുണ്ട്. വമ്പൻ താരനിര അണിനിരക്കുന്ന കൂലി അടുത്ത വര്‍ഷം തിയറ്ററിലെത്തും. അതേസമയം രജനിയുടെ വേട്ടയ്യന്‍ ഒക്ടോബര്‍ 10ന് റിലീസ് ചെയ്യും. അമിതാഭ് ബച്ചൻ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.















