വിജയവാഡ: ബോളിവുഡ് നടിയും മോഡലുമായ കാദംബരി ജേത്വാനിയെയും കുടുംബത്തെയും ഉപദ്രവിച്ച കേസിൽ മൂന്നു ഐ പി എസ്സുകാർക്ക് സസ്‌പെൻഷൻ. മുതിർന്ന ഐപിഎസ് ഓഫീസർമാരായ പി സീതാരാമ ആഞ്ജനേയുലു, കാന്തി റാണാ ടാറ്റ, വിശാൽ ഗുന്നി എന്നിവരെ ആന്ധ്രാ പ്രദേശ് സർക്കാർ ഞായറാഴ്ച സസ്പെൻഡ് ചെയ്തു.
മൂന്ന് ഐപിഎസുകാരെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി നീരഭ് കുമാർ പ്രസാദ് പ്രത്യേകം ഉത്തരവിറക്കുകയായിരുന്നു. ഓൾ ഇന്ത്യ സർവീസസ് (അച്ചടക്കവും അപ്പീലും) റൂൾസ് 1969 ലെ റൂൾ 3 (1) പ്രകാരമനു ഈ മുതിർന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തത്. ഡി ജി പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇവർക്കെതിരെ നടപടിയെടുത്തത്.
2024 ജനുവരി 31ന് അന്നത്തെ ഇൻ്റലിജൻസ് ഡിജിപി ആയിരുന്ന ആഞ്ജനേയുലു അന്നത്തെ പോലീസ് കമ്മീഷണറായിരുന്ന കാന്തി റാണാ ടാറ്റയെയും വിജയവാഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായിരുന്ന വിശാൽ ഗുന്നിയെയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് കേസൊന്നുമില്ലെങ്കിലും ജേത്വാനിയെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകിയതായി ഡിജിപി റിപ്പോർട്ട് ചെയ്തു. ആ തീയതിയിൽ കാദംബരി ജേത്വാനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നുമില്ലായിരുന്നു.
പിന്നീട് 2024 ഫെബ്രുവരി 2 ന് രാവിലെ 6.30 നാണ് അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ജനുവരി 31 ന് തന്നെ ആഞ്ജനേയുലു ടാറ്റയ്‌ക്കും ഗുന്നിക്കും അവരെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകിയെന്നുമുള്ള രേഖയുണ്ട്
“ആഞ്ജനേയുലുവിന്റെ പ്രവൃത്തി ഗുരുതരമായ പെരുമാറ്റദൂഷ്യത്തിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതിനും കൃത്യവിലോപത്തിനും തുല്യമാണ്,” ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. പ്രഥമദൃഷ്ട്യാ മോശം പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
നടിയെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്യുമ്പോൾ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആഭ്യന്തര അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് മുൻ പോലീസ് കമ്മീഷണർ കെ ഹനുമന്ത റാവു, മുൻ ഇബ്രാഹിംപട്ടണം ഇൻസ്‌പെക്ടർ എം സത്യനാരായണ എന്നിവരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ചില ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സമ്മർദ്ദത്തിന് വഴങ്ങി മുൻ ഇൻസ്‌പെക്ടർ തങ്ങൾക്കെതിരെ കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് ജേത്വാനിയും കുടുംബാംഗങ്ങളും അതേ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
തന്റെ സ്വത്ത് നടി വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്ന് എസ്ആർസി നേതാവ് കുക്കാല വിദ്യാസാഗർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫെബ്രുവരിയിൽ ഇബ്രാഹിംപട്ടണം ജില്ലാ പൊലീസ് കാദംബരി ജേത്വാനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്തത്. കുക്കാല വിദ്യാസാഗർ നടിക്ക് അയാളുടെ നഗ്നചിത്രങ്ങൾ അയച്ച് നൽകിഎന്നും പരാതിയുണ്ട്.
മുംബൈ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെതിരെ നൽകിയ ലൈംഗികാതിക്രമ കേസ് പിൻവലിക്കാൻ തന്നെ ഭീഷണിപ്പെടുത്തിയതായി അവർ ആരോപിച്ചു.















