നടൻ മോഹൻലാലും സംവിധായകൻ പ്രിയദർശനും നിർമാതാവ് സുരേഷ് കുമാറും തമ്മിലുള്ള സൗഹൃദം മലയാളികൾക്ക് സുപരിചിതമാണ്. കരിയർ കെട്ടിപ്പടുക്കാൻ തുടങ്ങിയ കാലത്ത് മൂന്ന് പേരും പരസ്പരം ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. 50 വർഷം പിന്നിട്ട സൗഹൃദബന്ധത്തിന്റെ വിശേഷങ്ങൾ ജനംടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പങ്കുവയ്‌ക്കുകയാണ് മൂന്ന് പേരും.
എംടി വാസുദേവൻ നായരുടെ കഥകൾ വായിച്ചിട്ടായിരുന്നു സിനിമയ്‌ക്കായി തിരക്കഥ എഴുതാനുള്ള പ്രചോദനം പ്രിയദർശന് ലഭിച്ചതെന്നും ഓളവും തീരവും ചെയ്തതിലൂടെ വലിയൊരു സ്വപ്നസാക്ഷാത്കാരമാണ് പ്രിയനുണ്ടായതെന്നും മോഹൻലാൽ പറയുന്നു.
ഓളവും തീരവും വായിച്ചപ്പോൾ സിനിമയാക്കണമെന്ന മോഹവുമായി എംടി സാറിന്റെ പുറകെ നടന്നിരുന്ന കാലം പ്രിയദർശനുണ്ടായിരുന്നു. ഒടുവിൽ പ്രിയനു വേണ്ടി എംടിയോട് സംസാരിച്ചത് മോഹൻലാൽ തന്നെയായിരുന്നുവെന്നും തനിക്ക് വേണ്ടി എംടിയോട് പിണങ്ങുക പോലും ലാൽ ചെയ്തിട്ടുണ്ടെന്നുമാണ് പ്രിയദർശൻ വെളിപ്പെടുത്തിയത്. ഒടുവിൽ ഓളവും തീരവും സിനിമയുടെ ചർച്ചകൾക്കായി എംടി മദ്രാസിലെത്തുകയും പ്രിയനോട് സംസാരിക്കുകയും ചെയ്ത സമയത്ത് പ്രയദർശന്റെ പിതാവ് അസുഖബാധിതനായി ചികിത്സയിലായി. അച്ഛനാണ് വലുത്, സിനിമ പിന്നെയായാലും എടുക്കാമെന്ന് പറഞ്ഞ് അന്ന് എംടി മടങ്ങി. പിന്നീട് ആ പ്രോജക്ട് നടക്കാതെയായി.
ഒടുവിൽ നാൽപത് വർഷത്തിന് ശേഷം 2024ലായിരുന്നു ഓളവും തീരവും സിനിമയായി പുറത്തിറക്കാൻ പ്രിയദർശന് കഴിഞ്ഞത്. കാത്തിരിപ്പ് വെറുതെയായില്ലെന്ന സന്തോഷം എംടിയെ വിളിച്ച് പങ്കുവയ്‌ക്കുകയും ചെയ്തതായി പ്രിയൻ പറയുന്നു.
‘കരൈ തൊടാതെ അലകൾ’ എന്ന തമിഴ് ചിത്രത്തിന്റെ ഇൻസ്പിരേഷൻ കൂടിയാണ് ഓളവും തീരവും എന്ന സിനിമ എന്ന് സുഹൃത്ത് സുരേഷ് കുമാർ കൂട്ടിച്ചേർത്തു. കരിയറിന്റെ തുടക്കകാലത്ത് പ്രിയൻ എഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു അത്. എന്നാൽ പലവിധ കാരണങ്ങളാൽ അത് പുറത്തിറങ്ങിയില്ല, ഒടുവിൽ ഓളവും തീരത്തിലൂടെ കരൈ തൊടാതെ അലകൾ എത്തി.
എന്നാൽ തമിഴ് ചിത്രം കടലുമായി ബന്ധപ്പെട്ടതാണെന്നും ഓളവും തീരവും പുഴയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നും സൂചിപ്പിച്ച മോഹൻലാൽ ആ അവസരത്തിൽ പ്രിയദർശന്റെ ഇൻസ്പിരേഷൻ സിനിമകളെ ട്രോളാനും മറന്നില്ല. പണ്ടുകാലം മുതൽ തന്നെ ഒരു കഥ വേറൊരു കഥയിലേക്ക് മാറ്റാൻ തത്പരനായിരുന്നു പ്രിയനെന്നാണ് മോഹൻലാൽ കൂട്ടിച്ചേർത്തത്. അഭിമുഖത്തിനിടെ പൊട്ടിച്ചിരി പടർത്തിയ നിമിഷമായിരുന്നു അത്.