ഭാസൻ എഴുതിയ നാടകത്തിന് കാവാലം നാരായണ പണിക്കർ രംഗഭാഷ്യം എഴുതി മോഹൻലാൽ അവതരിപ്പിച്ച നാടകമാണ് കർണ്ണഭാരം. പൂർണമായും സംസ്കൃതത്തിൽ എത്തിയ 2 മണിക്കൂർ ദൈർഘ്യമുള്ള നാടകം ഏറെ നിരൂപക പ്രശംസനേടുകയും മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തുകയും ചെയ്യുന്നതാണ്. കർണ്ണഭാരം എന്ന നാടകത്തിലേക്ക് ക്ഷണിക്കപ്പെട്ടതും പരിചിതമല്ലാത്ത ഭാഷ മനഃപാഠമാക്കിയതുമെല്ലാം ഓർമിക്കുകയാണ് മോഹൻലാൽ. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കർണ്ണഭാരത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്.
“എനിക്ക് അന്ന് ദേശീയ പുരസ്കാരം കിട്ടിയ സമയം. ഡൽഹിയിൽ പോകുമ്പോൾ ലാലിനെ കാണാൻ രാം ഗോപാൽ ബജാജ് വരുമെന്നും അദ്ദേഹം ഒരു കാര്യം പറയുമെന്നും കാവാലം സാർ എന്നോട് പറഞ്ഞു. രാം ഗോപാൽ ബജാജ് എന്നോട് ചോദിച്ചു, ഒരു നാടകം ചെയ്യാമോയെന്ന്. തയ്യറാണെന്ന് മറുപടി നൽകി. എന്ത് നാടകമാണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ അതെല്ലാം കാവാലം പറയുമെന്നായിരുന്നു പ്രതികരണം. നാട്ടിലെത്തി കാവാലം സാറിനെ കണ്ടു, കാര്യം തിരക്കി. നമുക്കൊരു സംസ്കൃത നാടകം ചെയ്യാമെന്നായിരുന്നു മറുപടി. കുറച്ചുനേരം ബോധംകെട്ട് വീണുകിടന്ന്, പിന്നീട് എഴുന്നേറ്റ് നിൽക്കുകയായിരുന്നു ഞാൻ. അറിയാത്തൊരു ഭാഷ അവതരിപ്പിക്കാൻ പ്രയാസമാണെന്ന് ഞാൻ കാവാലം സാറിനോട് പറഞ്ഞു.
അതൊന്നും ഒരു കുഴപ്പവുമില്ല, ലാലിന് ചെയ്യാൻ സാധിക്കും എന്ന് കാവാലം പറഞ്ഞത് എന്നെ ഹിപ്നോട്ടൈസ് ചെയ്തതുപോലെയായി. കാരണം അതുപറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു.
രണ്ട് മണിക്കൂർ നാടകമാണത്. അതിന്റെ സ്ക്രിപ്റ്റ് നൽകി. എങ്ങനെയാണ് പറയേണ്ടതെന്നെല്ലാം കാവാലം സാർ പറഞ്ഞുതന്നു. അപ്പോൾ കാക്കകുയിലിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയമാണ്. മലയാള സിനിമയിലെ ഭൂരിഭാഗം ആളുകളും ഒത്തൊരുമിച്ച സെറ്റായിരുന്നു അത്. അവിടെയിരുന്ന് ഷൂട്ടിനിടയിൽ സ്ക്രിപ്റ്റ് പഠിക്കുക അസാധ്യമായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായി. ആദ്യം സ്ക്രിപ്റ്റ് എങ്ങനെയെങ്കിലും പഠിക്കാമെന്ന് തീരുമാനിച്ചു.
രണ്ട് മണിക്കൂർ നാടകത്തിന്റെ സംസ്കൃത വാചകങ്ങൾ കാണാതെ പഠിക്കാൻ പ്രയാസപ്പെട്ടു. രാവിലെ ബാത്ത്റൂമിലിരിക്കുമ്പോൾ, കുളിക്കുമ്പോൾ, കാറിലിരിക്കുമ്പോൾ, ഫ്ലൈ ചെയ്യുമ്പോഴൊക്കെ സ്ക്രിപ്റ്റ് പഠിക്കാൻ ശ്രമിച്ചു. കാരണം കാക്കകുയിലിന്റെ സെറ്റിൽ ഇരുന്ന് സ്ക്രിപ്റ്റ് പഠിക്കൽ നടക്കില്ലായിരുന്നു. അങ്ങനെ സ്ക്രിപ്റ്റ് മനഃപാഠമാക്കിയതിന് ശേഷം എട്ട് ദിവസം പ്രാക്ടീസ് ചെയ്ത് നേരെ ഡൽഹിയിലെ വേദിയിലേക്ക് തിരിച്ചു. അവിടെ നാടകം അവതരിപ്പിച്ചു. എനിക്ക് സ്റ്റാൻഡിംഗ് ഒവേഷൻ കിട്ടി. ഒരുപാട് അംഗീകാരങ്ങൾ തേടിവന്നു. അതിനുശേഷം ഒരു നാടകം കൂടി ചെയ്യാനുള്ള ചർച്ച നടന്നിരുന്നു. അപ്പോഴേക്കും കാവാലം സാർ നമ്മെ വിട്ടുപോയി.”- മോഹൻലാൽ പറഞ്ഞുനിർത്തി.