ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രം അജയന്റെ രണ്ടാം മോഷണം തിയേറ്ററുകളിൽ വൻ ഹിറ്റ്. ഇന്ത്യൻ ബോക്സോഫീസിൽ മാത്രം 14. 45 കോടിയാണ് ചിത്രം നേടിയത്. ആഗോളതലത്തിൽ 22 കോടിയിലധികം ചിത്രം സ്വന്തമാക്കി. തിരുവോണ ദിവസത്തിലും തിയേറ്ററുകളിൽ ആവേശമായി മാറുകയാണ് എആർഎം.
തിരുവോണത്തിൽ നാല് കോടിയിലധികമാണ് സിനിമയ്‌ക്ക് ലഭിച്ചത്. നാല് ദിവസത്തെ മുഴുവൻ കളക്ഷനുകൾ കണക്കിലെടുക്കുമ്പോൾ 50 കോടിയിലേക്ക് കടക്കുമെന്നാണ് വിവരം. ഒട്ടും ബോറടിപ്പിക്കാത്ത രീതിയിലുള്ള മേക്കിംഗാണ് ചിത്രത്തിലുള്ളതെന്നും കഥയും കഥാപാത്ര ആവിഷ്കാരവും മികച്ചതാണെന്നും പ്രേക്ഷകർ പറയുന്നു. ടൊവിനോ ഉൾപ്പെടെയുള്ള എല്ലാ താരങ്ങളുടെയും പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവക്കുന്നത്.
നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ ട്രിപ്പിൾ റോളിലാണ് ടൊവിനോ തോമസ് എത്തുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തത്. കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ.















