പ്രഭാത ഭക്ഷണങ്ങളാണ് ഒരു ദിവസം സുന്ദരമാക്കാൻ നമ്മെ സഹായിക്കുന്നത്. അതിരാവിലെ വെറും വയറ്റിൽ കുടിക്കുന്ന ചായയും കാപ്പിയുമൊക്കെ ശരീരത്തിന് ഉന്മേഷദായകമാണ്. എന്നാൽ എല്ലാത്തിനും നല്ലവശവും ദോഷവശവും ഉള്ളതുപോലെ കാപ്പി ശീലമാക്കുന്നത് ശരീരത്തിന് ദോഷകരമായി ബാധിക്കുന്നു. വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കുന്നു. ഇത് ദഹനത്തെ ബാധിക്കും. തുടർന്ന് കോർട്ടിസോൾ ഉത്പാദനം തടസപ്പെടുകയും ഹൃദയമിടിപ്പ് വർദ്ധിക്കുകയും ചെയ്യുന്നു. രാവിലെ കാപ്പിക്ക് പകരമായി ചില പാനീയങ്ങൾ കുടിക്കാവുന്നതാണ്. അവ ഏതൊക്കെയെന്ന് നോക്കാം.
ഗ്രീൻ ടീ
ചായയും കാപ്പിയുമൊക്കെ കുടിക്കുന്നതിന് പകരം ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ. രാവിലെ ഗ്രീൻ ടീ കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്‌ക്കാനും മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു.
ഹെർബൽ ടീ
ഇഞ്ചി, കുരുമുളക് എന്നിവ അടങ്ങിയ ഹെർബൽ ടീ രാവിലെ കുടിക്കുന്നത് ശരീരത്തിന് അത്യുത്തമമാണ്. സുഖപ്രദമായി ദഹനം നടക്കുന്നതിനും മാനസിക സമ്മർദ്ദം കുറയ്‌ക്കുന്നതിനും ഹെർബൽ ടീ സഹായിക്കുന്നു. ഹെർബൽ ടീയിലൂടെ ഒരു ദിവസം തുടങ്ങുന്നത് നല്ലതാണ്.
ഗോൾഡൻ മിൽക്
കറുവപ്പട്ട, മഞ്ഞൾ, ഇഞ്ചി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ പാലിൽ ചേർത്ത് തിളപ്പിച്ചെടുക്കുന്നതിനെയാണ് ഗോൾഡൻ മിൽക് എന്ന് പറയുന്നത്. ഇത് ദഹനത്തെ സഹായിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
നാരങ്ങാവെള്ളം
അതിരാവിലെ വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാൽ വെള്ളത്തിന് ചെറിയ ചൂട് ഉണ്ടായിരിക്കണം. ഇത് ദഹനം സുഖപ്രദമായി നടക്കാനും അസിഡിറ്റി കുറയ്‌ക്കാനും സഹായിക്കുന്നു. ഒഴിഞ്ഞ വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് ജലാംശം വർദ്ധിപ്പിക്കുന്നു.
തേങ്ങാവെള്ളം
ശരീരത്തെ ജലാംശം വർദ്ധിപ്പിക്കുന്നതിനായി വെറും വയറ്റിൽ തേങ്ങാവെള്ളം കുടിക്കാം. ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം നിലനിർത്താനും ചർമ്മ സംരക്ഷണത്തിനും തേങ്ങാവെള്ളം ഉത്തമമാണ്.