ഒരു സിനിമയുടെ സംവിധായകൻ ആകണമെന്ന് കരുതിയല്ല, ബറോസ് സംവിധാനം ചെയ്യാൻ തീരുമാനിച്ചതെന്ന് നടൻ മോഹൻലാൽ. സംവിധാനം എന്ന് പറയുന്നത് വലിയൊരു ജോലിയാണ്. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പണ്ട് കാലങ്ങളിൽ ഇത്രയും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. സിനിമ സംവിധാനം ചെയ്യുന്നത് എങ്ങനെയെങ്കിലും ചെയ്യാമെന്ന് പറ്റില്ലല്ലോ. അതിന് നല്ല ടെക്നീഷ്യൻസിനെ വച്ച് ചെയ്യിപ്പിക്കണമെന്നും മോഹൻലാൽ പറഞ്ഞു. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
“എന്തെങ്കിലും വ്യത്യസ്തമായത് ചെയ്യാമെന്ന തോന്നലാണ് ബറോസിലെത്തിയത്. ആരും ചെയ്യാത്ത കാര്യം ചെയ്യുമ്പോഴാണ് അതിനൊരു സവിശേഷത ഉണ്ടാകുന്നത്. ത്രിഡി സിനിമ ചെയ്യാൻ പറ്റുമോ എന്ന് ഞാൻ രാജീവ് കുമാറിനോട് ചോദിച്ചു. പക്ഷേ, കണ്ണാടി വച്ചൊക്കെ കാണണം. സിനിമ മുഴുവൻ അങ്ങനെയായിരിക്കില്ല, ഇടയ്ക്കൊക്കെ വെക്കേണ്ടിവരും. ഇത് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ ചെലവ് വളരെ കൂടുതലാണെന്ന് മനസിലായി”.
“ഒരു സ്ഥലത്ത് ചെയ്തുകഴിഞ്ഞാൽ അത് മറ്റൊരിടത്തേക്ക് പോകുകയാണെങ്കിൽ ടെക്നിക് സൈഡ് ഭയങ്കര ബുദ്ധിമുട്ടായിരിക്കും. മൈ ഡിയർ കുട്ടിച്ചാത്തൻ കഴിഞ്ഞ് ത്രിഡിയായി ഇറങ്ങിയത് ചുരുക്കം ചില സിനിമകൾ മാത്രമാണ്. പക്ഷേ, അതിൽ ചിലത് വിജയിച്ചതുമില്ല. അങ്ങനെയാണ് ഈ സിനിമയുടെ കഥയിലേക്ക് വരുന്നത്. പിന്നീട് സിനിമ ആര് സംവിധാനം ചെയ്യും എന്നായിരുന്നു ചിന്തിച്ചത്. കുറച്ച് ആളുകളുടെ പേരുകൾ ആലോചിച്ചു. ആരും ചെയ്യുന്നില്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ തന്നെ ഏറ്റെടുത്തു”.
40 വർഷം കഴിഞ്ഞിട്ടാണ് ഒരു ത്രിഡി ചിത്രം ഉണ്ടാകുന്നത്. എല്ലാവരും അത് കാണാനുള്ള സന്തോഷത്തിലാണ്. അതിൽ അഭിനയിച്ചവരൊക്കെ പുറത്ത് നിന്നുള്ളവരാണ്. സ്പെയിൻ, യുകെ, പോർച്ചുഗൽ എന്നിവിടങ്ങളിലുള്ള ആർട്ടിസ്റ്റുകളാണ് സിനിമയിലുള്ളത്. സംഗീതം ചെയ്യാൻ ഹോളിവുഡിൽ നിന്നാണ് ആളുകൾ വന്നിരിക്കുന്നത്. അങ്ങനെയാണ് ഇതൊരു പാൻ ഇന്ത്യൻ സിനിമയായി മാറിയത്. ഫാന്റസി സിനിമയാണിത്. പല കാരണങ്ങൾ ഉള്ളതിനാൽ റിലീസ് തീയതിയൊക്കെ മാറ്റിയിട്ടുണ്ട്. കുട്ടികൾക്കായുള്ള സിനിമയാണിത്. ബറോസ് തിയേറ്ററിൽ കാണാനുള്ള ആകാംക്ഷയിലാണ് ഞങ്ങൾ എല്ലാവരുമെന്നും മോഹൻലാൽ പറഞ്ഞു.