ന്യൂഡൽഹി: മണിപ്പൂരിലെ ജനങ്ങൾക്ക് ന്യായമായ വിലയ്‌ക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പൂരിൽ കൂടുതൽ വെയർഹൗസ് സ്ഥാപനങ്ങൾ തുറക്കുമെന്നും കേന്ദ്രമന്ത്രി എക്സിലൂടെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മണിപ്പൂരിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കും. ഇതിനായി സംസ്ഥാനത്തെ ജനങ്ങൾക്ക് ന്യായമായ വിലയ്‌ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള 21 വെയർഹൗസ് സ്ഥാപനങ്ങൾക്ക് പുറമേ 16 പുതിയ വെയർഹൗസുകൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തൂരുമാനിച്ചുവെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
ഇന്ന് ( സെപ്തംബർ 17) മുതൽ വെയർഹൗസുകൾ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. മണിപ്പൂർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം, മണിപ്പൂരിലെ ബിഷ്ണുപൂർ, ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ് തുടങ്ങിയ ജില്ലകളിൽ രാവിലെ അഞ്ച് മണി മുതൽ വൈകുന്നേരം ആറ് വരെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. മരുന്നുകളും ഭക്ഷണസാധനങ്ങളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ വേണ്ടവർക്ക് ഇളവ് നൽകികൊണ്ടാണ് കർഫ്യൂ പ്രഖ്യാപിച്ചത്.