ന്യൂയോർക്ക്: മെൽവില്ലിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ഇത്തരം ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാകുന്നതല്ലെന്നും കോൺസുലേറ്റ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
പ്രദേശത്തെ ഹിന്ദു സമൂഹവുമായി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചുവെന്നും, അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഎസ് അധികാരികളോട് ആവശ്യപ്പെട്ടതായും ഇന്ത്യ മിഷൻ അറിയിച്ചു. ക്ഷേത്രത്തിന്റെ ചുവരുകളിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമെല്ലാം സ്േ്രപ പെയിന്റുകൾ ഉപയോഗിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ സംഭവത്തിലാണ് വിമർശനം ശക്തമായിരിക്കുന്നത്.
ഹിന്ദു സ്ഥാപനങ്ങൾക്കും ക്ഷേത്രങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ തുടർക്കഥയാകുന്നുണ്ടെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നതെന്നും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ആരോപിച്ചു. വിഷയത്തിൽ ആഭ്യന്തര സുരക്ഷാ വകുപ്പ് അന്വേഷണം നടത്തണം. അടുത്ത കാലങ്ങളിൽ ഹിന്ദുക്കളുടെ സ്ഥാപനങ്ങൾക്ക് നേരെ ഉയർന്ന എല്ലാ ഭീഷണികളും ആക്രമണങ്ങളിലും കൃത്യമായ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ന്യൂയോർക്ക്, കാലിഫോർണിയ, കാനഡ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് സമാനമായ സംഭവമാണ് മെൽവില്ലിലും നടന്നതെന്നും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പറയുന്നു. ഹിന്ദു, ഇന്ത്യൻ സ്ഥാപനങ്ങൾക്ക് നേരെ ഭീഷണി മുഴക്കിക്കൊണ്ടുള്ള ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനിന്റെ വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി 16,000ത്തോളം പേരെ അഭിസംബോധന ചെയ്യാനിരിക്കുന്ന വേദിയുടെ 28 കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ ആക്രമണം നടന്ന മെൽവില്ലിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.