തിരുവനന്തപുരം: തീവ്ര ഇസ്ലാമിക സംഘടനകൾക്കെതിരായ ജയരാജന്റെ തുറന്ന് പറച്ചിലിൽ വെട്ടിലായി സിപിഎം നേതൃത്വം. സമ്മേളന കാലയളവിലെ വെളിപ്പെടുത്തൽ തുടർചർച്ചകൾക്ക് വഴിവയ്‌ക്കുമെന്നതാണ് നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നത്. അമിത മുസ്ലീം പ്രീണനവും ഹിന്ദുവിരുദ്ധ നിലപാടുകളും ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം പാർട്ടിക്ക് വലിയ തിരിച്ചടി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പി ജയരാജന്റെ തുറന്ന് പറച്ചിൽ ശ്രദ്ധേയമാകുന്നത്.
ഐഎസ് റിക്രൂട്ട്‌മെന്റടക്കം ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം തന്നെ പറയുമ്പോൾ കാലങ്ങളായി പാർട്ടി സ്വീകരിച്ച മൃദുസമീപന നിലപാടിൽ നിന്നുള്ള പിൻവാങ്ങൽ കൂടിയാണ് ജയരാജൻ ആവശ്യപ്പെടുന്നത്. കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ പോലും അവഗണിച്ച കാലം പാർട്ടിക്കുണ്ട്. ലൗ ജിഹാദ് പോലെയുള്ള ജിഹാദി അജണ്ടകൾ കണ്ടില്ലെന്ന് നടിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തകർക്കിടയിലെ പിഎഫ്‌ഐ സാന്നിധ്യത്തിലും പാർട്ടി വലിയ രീതിയിൽ മൗനം പാലിച്ചു. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ നിന്ന് തീവ്രവാദികളെ ദേശീയ അന്വേഷണ എജൻസി കസ്റ്റഡിയിലെടുത്തപ്പോഴും പാർട്ടിക്ക് മറുപടിയുണ്ടായിരുന്നില്ല.
കേരളത്തിലെ ഭയപ്പെടുത്തുന്ന സാഹചര്യം പലകുറി ചൂണ്ടിക്കാട്ടിയ മാദ്ധ്യമ റിപ്പോർട്ടുകളെയും പാർട്ടി അവഗണിച്ചു. ഒടുവിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്രനിലപാടുകാരെ പ്രീണിപ്പിക്കാൻ ഹമാസ് അനുകൂല നിലപാടും സ്വീകരിച്ചു. സിപിഎമ്മിന്റെ അമിത മുസ്ലീം പ്രീണനം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും ഹിന്ദു വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകിയെന്നും പാർട്ടി വിലയിരുത്തലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജയരാജന്റെ ഏറ്റുപറച്ചിൽ. അതും ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കുന്ന കാലയളവിൽ. ബ്രാഞ്ച് തലത്തിലുൾപ്പെടെ ഇത് അനാവശ്യ ചർച്ചകളിലേക്ക് വഴിവയ്‌ക്കുമെന്ന ആശങ്കയിലാണ് സിപിഎം സംസ്ഥാന നേതൃത്വം.















