ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിൻഗാമിയായി അതിഷി മർലേന. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. അരവിന്ദ് കെജ്‌രിവാളാണ് പേര് നിർദ്ദേശിച്ചത്. ഈ മാസം 26,27 തീയതികളിലായി ഡൽഹി നിയമസഭ സമ്മേളനം ചെയ്യും.
സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന വനിതയാണ് അതിഷി. കെജ്‌രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു. 14 വകുപ്പുകൾ കൈകാര്യം ചെയ്തു. ഡൽഹി കൽക്കാജി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അതിഷി.
48 മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുമെന്ന് കെജ്‌രിവാൾ പ്രഖ്യാപിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പിൻഗാമിയെ നിർദ്ദേശിച്ചത്. താൻ വീണ്ടും ജനവിധി തേടുമെന്നും ഡൽഹിയിലെ ജനങ്ങളുടെ സത്യസന്ധതയും വിശ്വാസവും ലഭിക്കാതെ ഇനി കസേരയിൽ തുടരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡൽഹി മദ്യനയ കുഭകോണ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിട്ടും രാജിവയ്‌ക്കാൻ സന്നദ്ധത കാണിക്കാതിരുന്ന അരവിന്ദ് കെജ്‌രിവാൾ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു കെജ്‌രിവാളിന്റെ അപ്രതീക്ഷിത രാജി.